സിപിഎമ്മിലെ റിസോർട്ട് വിവാദം: പിന്നിൽ യുവനേതാവ്, ലക്ഷ്യം രണ്ടാംസ്ഥാനം
തിരുവനന്തപുരം: സിപിഎമ്മിലെ റിസോർട്ട് വിവാദം വീണ്ടും സജീവമാക്കിയതിനു പിന്നിൽ യുവ നേതാവെന്ന് റിപ്പോർട്ട്. ഈ യുവ നേതാവിന്റെ സ്ഥലമിടപാട് സംബന്ധിച്ച് ചർച്ചകൾ പാർട്ടിക്കുള്ളിൽ സജീവമാകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി റിസോർട്ട് വിവാദം വീണ്ടും തലപൊക്കിയത്. രണ്ടാംനിരയിൽനിന്നു ഒന്നാംനിരയിലേക്ക് എത്താനുള്ള തന്ത്രവും യുവനേതാവിന്റെ നീക്കത്തിനു പിന്നിലുണ്ടെന്നു പറയുന്നു.
റിസോർട്ട് വിവാദം രൂക്ഷമായി തുടരുകയാണെങ്കിൽ ഈ യുവ നേതാവിന്റെയും ഒരു സിഐടിയു നേതാവിന്റെയും സെക്രട്ടേറിയറ്റിലെ ഒരു സംഘടനാ നേതാവിന്റെയും ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് ഇ.പി. ജയരാജൻ അനുകൂലികൾ.
ദേശീയപാത വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ വിജിലൻസ് കേസ് വൻ തുക കൈപ്പറ്റി അട്ടിമറിക്കാൻ ചില സിപിഎം നേതാക്കൾ നടത്തിയ നീക്കങ്ങളും പാർട്ടിക്കുള്ളിൽ സജീവ ചർച്ചയാണ്. തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രത്തിലെ സംഘടനാ നേതാവ് നടത്തിയ വൻ അഴിമതികളുടെ ലിസ്റ്റും ഒരു വിഭാഗം തയാറാക്കി വരുന്നുണ്ട്.
അഴിമതിക്കെതിരേയുള്ള പി. ജയരാജന്റെ സന്ധിയില്ലാ സമരം തുടർന്നാൽ യുവ നേതാക്കൾ ഉൾപ്പെടെയുള്ള പലർക്കും അടി തെറ്റുമെന്നും റിപ്പോർട്ടുണ്ട്. ഇ.പി ക്കെതിരെ പ്രചാരണം തുടർന്നാൽ തങ്ങൾ മനസ് തുറക്കുമെന്നും ഇതോടെ വൻ മരങ്ങൾ തന്നെ കടപുഴകുമെന്നും ഇ.പി. അനുകൂലികൾ മുന്നറിയിപ്പ് നൽകുന്നു.
കേരള ബാങ്കിൽ നിന്നും ഉന്നത ഉദ്യോഗസ്ഥയായി വിരമിച്ച ഇ.പിയുടെ ഭാര്യ ഇന്ദിരയ്ക്ക് ആയുർവേദ റിസോർട്ടിൽ നിക്ഷേപം നടത്താൻ ആരുടേയും ചീട്ട് വേണ്ടെന്നും പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള നിർമാണ പ്രവൃത്തികളാണ് റിസോർട്ടിൽ നടന്നിട്ടുള്ളതെന്ന് ആർക്കും മനസിലാക്കാവുന്നതാണെന്നും ഇ.പി അനുകൂലികൾ പറയുന്നു.
Leave A Comment