ഹിന്ദുമതത്തെ ഹോള്‍സെയിലായി വിട്ടുനല്‍കുന്നത് സിപിഎം: കെ. മുരളീധരൻ
തിരുവനന്തപുരം: ഹിന്ദുമതത്തെ ഹോള്‍സെയിലായി ബിജെപിക്ക് വിട്ടുനല്‍കുന്നത് സിപിഎം ആണെന്ന് കെ. മുരളീധരന് എംപി. ന്യൂനപക്ഷത്തോടൊപ്പം ഭൂരിപക്ഷ സമുദായത്തെയും ഒപ്പം നിര്‍ത്തണമെന്ന എ.കെ. ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികൾക്ക് സ്ഥാനം കൊടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. മൃദു ഹിന്ദുത്വം എന്ന വാക്ക് യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണ്. കുറി തൊടാൻ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ്. മൃദു ഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബിജെപിക്ക് വിട്ടു കൊടുക്കുന്നതിന് തുല്യമാണെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു. സിപിഎമ്മിലെ തർക്കമായി ആരോപണത്തെ കാണാൻ സാധിക്കില്ല. ജയരാജൻ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
സോളാർ കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകിയതോടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞുവെന്നും കെ. മുരളീധരൻ പറഞ്ഞു. വൃത്തി കെട്ട രീതിയിലാണ് പിണറായിയുടെ പോലീസ് കേസ് അന്വേഷിച്ചത്. മ്ലേച്ചമായ രീതിയിൽ കേസെടുത്ത ചരിത്രം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പൊതു സമൂഹത്തോട് മാപ്പ് പറയണം. സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തുമോയെന്നും മുരളീധരൻ ചോദിച്ചു.
Leave A Comment