ബുൾഡോസർ രാജ് വിവാദത്തിനിടെ കേരള, കർണാടക മുഖ്യമന്ത്രിമാർ ഒരേവേദിയിൽ
തിരുവനന്തപുരം: ബുൾഡോസർ രാജ് വിവാദത്തിനിടെ ഒരേ വേദി പങ്കിട്ട് കേരള, കർണാടക മുഖ്യമന്ത്രിമാർ. 93-മത് ശിവഗിരി തീർഥാടന സമ്മേളന വേദിയിലാണ് മുഖ്യമന്ത്രിമാരായ പിണറായി വിജയനും, സിദ്ധരാമയ്യയും ഒന്നിച്ചെത്തിയത്.
"ഇന്ത്യയുടെ ബഹസ്വരത തകർക്കപ്പെടുകയാണ്. ഇത് സാംസ്കാരിക ഫാസിസമാണെന്ന് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയണം. ജീവിത ചുറ്റുപാടുകളിൽ കാണുകയും അനുഭവിക്കുകയും ചെയ്ത അസംബന്ധ കാര്യങ്ങൾക്കെതിരെ ശ്രീ നാരായണ ഗുരു ശബ്ദിച്ചിരുന്നു.'
"ചാതുർവർണ്യ വ്യവസ്ഥയെ തകർക്കുന്നതായിരുന്നു ഗുരുവിന്റെ പ്രവർത്തനം. ബ്രഹ്മണ്യത്തിനെതിരെയാണ് ശ്രീനാരായണ ഗുരു പ്രവർത്തിച്ചത്. ക്ഷത്രിയ ബ്രാഹ്മണ അധികാര വ്യവസ്ഥയ്ക്കെതിരെ ഉയർന്ന അടിച്ചമർത്തപ്പെട്ടവന്റെ കലാപമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠ.'
"ഐതിഹ്യങ്ങളെ ചരിത്രങ്ങളായി അവതരിപ്പിക്കുന്നു. ശിവഗിരി തീർഥാടനം ഈഴവരുടേത് മാത്രമാകരുത് എന്ന് ഗുരു പറഞ്ഞിരുന്നു. അറിവിന്റെ തീർഥാടകരാകണം. സർവ മത സാഹോദര്യത്തോടെയാകണം എന്ന് നിർദേശം നൽകി. ഗുരുവിന്റെ പാതയിലൂടെയാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നത്.'
"വിവിധ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. അധികാരം കൈയിലുള്ള പലരും കുട്ടികളെ അസംബന്ധം പഠിപ്പിക്കുന്ന കാലമാണിത്. നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടു പോകുന്നു.'- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ബുൾഡോസർ രാജ് വിഷയത്തിൽ കർണാടക സർക്കാരിനെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ അതൃപ്തി പരസ്യമാക്കി കർണാടകയും രംഗത്തുവന്നിരുന്നു.
ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് കർണാടകയിൽ കോൺഗ്രസ് സർക്കാരും നടപ്പാക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി, കെ.ടി. ജലീൽ എംഎൽഎ തുടങ്ങിയവരും യെലഹങ്ക സന്ദർശിച്ചിരുന്നു. 150 വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തതെന്ന് റഹീം പറഞ്ഞു. ആയിരത്തോളം പേർ കുടിയിറക്കപ്പെട്ടു. ഇരകളിൽ ഭൂരിഭാഗവും മുസ്ലീങ്ങളും ദലിതരുമാണെന്നും റഹീം പറഞ്ഞിരുന്നു.
Leave A Comment