സംസ്ഥാന സര്‍ക്കാരിന്റെ മലയാള ഭാഷാ ബില്ല്; എതിര്‍പ്പറിയിച്ച് കര്‍ണാടക
ബംഗളൂരു: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം ഒന്നാം ഭാഷയാക്കാനുള്ള കേരള സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി കർണാടക സർക്കാർ രംഗത്തെത്തി. ഈ ബില്ല് നടപ്പിലാക്കുന്നത് കാസർഗോട്ടെ കന്നഡ സംസാരിക്കുന്ന ജനവിഭാഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും, ഇത് ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
സർക്കാർ, സ്വകാര്യ സ്കൂളുകളിൽ മലയാളം നിർബന്ധമാക്കുന്നത് അതിർത്തി ഗ്രാമങ്ങളിൽ തുളു, കന്നഡ ഭാഷകൾ ഉപയോഗിക്കുന്നവരുടെ സ്വത്വത്തെ ഇല്ലാതാക്കുമെന്നാണ് കർണാടകയുടെ പ്രധാന വാദം. മലയാളത്തെ പ്രോത്സാഹിപ്പിക്കാൻ കേരളത്തിന് അവകാശമുള്ളതുപോലെ തന്നെ, കന്നഡ ഉപയോഗിക്കുന്നവരെ സംരക്ഷിക്കാൻ കർണാടകയ്ക്കും അവകാശമില്ലേ എന്നാണ് സിദ്ധരാമയ്യ ചോദിക്കുന്നത്. തലമുറകളായി കന്നഡ മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് മേൽ മറ്റൊരു ഭാഷ അടിച്ചേൽപ്പിക്കുന്നത് അവരുടെ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർണാടക ബോർഡർ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.ബി.എ.ഡി.എ) പ്രതിനിധികൾ കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ നേരിട്ട് കണ്ട് ആശങ്ക അറിയിച്ചു. ഭാഷാന്യൂനപക്ഷങ്ങളെ ബില്ല് ദോഷകരമായി ബാധിക്കരുതെന്ന നിർബന്ധം കേരളത്തിനുമുണ്ടെന്നും, ബില്ല് വിശദമായി പഠിച്ച ശേഷം മാത്രമേ അടുത്ത നടപടികളിലേക്ക് കടക്കുകയുള്ളൂ എന്നും ഗവർണർ പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി.
2017-ൽ സമാനമായ ഒരു ബില്ല് രാഷ്ട്രപതി തള്ളിക്കളഞ്ഞ കാര്യവും കർണാടക സർക്കാർ ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു. ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ ബില്ലുമായി മുന്നോട്ട് പോകാവൂ എന്ന് കർണാടക സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave A Comment