കൊച്ചിയിലെത്തിയത് ചൊവ്വാഴ്ചയെന്ന് ഇ.പി, ഞായറാഴ്ചയെന്ന് ദല്ലാള്‍ നന്ദകുമാര്‍
കണ്ണൂര്‍: ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഇ.പി.ജയരാജന്. താൻ കൊച്ചിയിലെത്തിയത് ചൊവ്വാഴ്ചയാണെന്ന് ഇ.പി പ്രതികരിച്ചു.
സിപിഎം പ്രതിരോധ ജാഥ ആരംഭിക്കുന്നതിന്റെ തലേദിവസമായ ഞായറാഴ്ചയാണ് ഇവിടെയെത്തിയതെന്ന പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിചേർത്തു.രോഗബാധിതനായ പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് എത്തിയത്.
ഇവിടെ നിന്ന് മടങ്ങുന്നതിനിടെ ക്ഷേത്ര പരിപാടിയിലേക്ക് ക്ഷണിച്ചു. ക്ഷേത്ര ഭാരവാഹിയായ എം.ടി.മുരളി ക്ഷണിച്ചതനുസരിച്ചാണ് പോയത്.
അവിടെയെത്തിയപ്പോള്‍ പ്രായമായ അമ്മയെ ആദരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഷാള്‍ അണിയിച്ചത്. ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലേക്ക് താന്‍ പോയിട്ടില്ലെന്നും ഇ.പി.വ്യക്തമാക്കി.
എന്നാല്‍ ഇ.പി തന്റെ അമ്മയെ കണ്ടത് കഴിഞ്ഞ ഞായറാഴ്ചയാണെന്ന് ദല്ലാള്‍ നന്ദകുമാര്‍ പ്രതികരിച്ചു. താന്‍ ഭാരവാഹിയായ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിയപ്പോഴാണ് അമ്മയെ കണ്ടത്.
താന്‍ ക്ഷണിച്ചട്ടല്ല അദ്ദേഹം വന്നത്. പാര്‍ട്ടിയുടെ ജാഥ തുടങ്ങുന്നതിന് മുമ്പാണ് ക്ഷേത്രത്തിലെത്തിയതെന്നും നന്ദകുമാര്‍ പറഞ്ഞു.
സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ ഇതുവരെ പങ്കെടുക്കാതിരുന്ന ഇ.പി. ജാഥ ആരംഭിക്കുന്നതിന്റെ തലേദിവസമായ ഞായറാഴ്ച കൊച്ചിയില്‍ എത്തിയ സംഭവം വിവാദമായിരുന്നു.
എന്നാല്‍ ജാഥ ആരംഭിച്ചതിന് ശേഷമാണ് കൊച്ചിയിലെ ചടങ്ങിനെത്തിയതെന്നാണ് ഇ.പിയുടെ പ്രതികരണം. അതേസമയം ഞായറാഴ്ചയാണ് ഇ.പി. എത്തിയതെന്നാണ് നന്ദകുമാര്‍ പറയുന്നത്.
Leave A Comment