കേരളം

മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നടപടിയുണ്ടായിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നടപടിയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജവാര്‍ത്ത വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രിമിനല്‍ കുറ്റകരം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നത് തൊഴില്‍ നോക്കിയിട്ടല്ല. വ്യാജ വിഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാള്‍ ചികിത്സയിലാണോ അയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നൊക്കെ നോക്കിയല്ല പൊലീസ് നോട്ടീസ് കൊടുക്കുന്നത്. ഹാജരാകാന്‍ വിഷമമുണ്ടെങ്കില്‍ അക്കാര്യം പൊലീസിനെ അറിയിക്കണം.എന്നിട്ടും പൊലീസ് അതിക്രമം കാണിക്കുന്നുണ്ടെങ്കില്‍ ഈ പറഞ്ഞ വിമര്‍ശനങ്ങളെയൊക്കെ ന്യായീകരിക്കാമായിരുന്നു. എന്നെ ആക്ഷേപിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ സ്വീകരിക്കുന്നതെങ്കില്‍ അങ്ങനെയാകട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ക്രിമിനല്‍ കുറ്റകരം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നത് അയാളുടെ തൊഴില്‍ നോക്കിയിട്ടല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നുമില്ല. വ്യാജ വിഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അവരറിയാതെ അതിലുള്‍പ്പെടുത്തിയിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് വാദിക്കരുത്. വാര്‍ത്ത ചെയ്യുന്നതിനിടെ ഒരാളെ കൊന്നാല്‍ അത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി അവകാശപ്പെടുമോ? ഏഷ്യാനെറ്റിലെ റെയ്ഡിനെ ബിബിസി റെയ്ഡുമായി ബന്ധപ്പെടുത്തണ്ട. ഒരു ഭരണാധികാരിയുടെ വര്‍ഗീയ ലഹളയിലുള്ള പങ്കാണ് വെളിച്ചത്തുകൊണ്ടുവന്നതിനാണ് ബിബിസി റെയ്ഡ്. ഏഷ്യാനെറ്റ് ചെയ്ത വ്യാജവിഡിയോ നിര്‍മാണം സര്‍ക്കാരിനെതിരെയോ ഭരണാധികാരിക്കെതിരെയോ അല്ല. അതുകൊണ്ട് തന്നെ അധികാരത്തിലുള്ള ആര്‍ക്കെങ്കിലും വിരോധം തോന്നേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്‌ഐ പ്രതിഷേധം ശൂന്യവേളയില്‍ അടിയന്തര പ്രമേയമായി വിഷയമായാണ് പ്രതിപക്ഷം കൊണ്ടുവന്നത്. പി സി വിഷ്ണുനാഥ് ആണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. വ്യാജ വാര്‍ത്താ ദൃശ്യം ചമയ്ക്കല്‍ കേസില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ആ നീക്കത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Leave A Comment