ആരോപണങ്ങൾ പച്ചക്കള്ളം, സ്വപ്നക്കെതിരെ ഡിജിപിക്ക് പരാതി നല്കി: വിജേഷ് പിള്ള
കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വിജേഷ് പിള്ള. ഡിജിപിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്കി. മാനനഷ്ടത്തിനാണ് കേസ് കൊടുത്തതെന്നും വിജേഷ് പറഞ്ഞു.
സ്വപ്നയുമായുള്ള കൂടിക്കാഴ്ച ബംഗളൂരുവിലെ ഹോട്ടല്‍ ലോബിയില്‍ പരസ്യമായാണ് നടത്തിയത്. ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ കൂടിക്കാഴ്ചയെ സ്വപ്ന വളച്ചൊടിച്ചു.
സ്വപ്നയുടെ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണ്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാന്‍ തനിക്ക് താത്പര്യം ഇല്ലെന്ന് കൂടിക്കാഴ്ചയില്‍ സ്വപ്നയോട് പറഞ്ഞിരുന്നെന്നും വിജേഷ് കൂട്ടിചേര്‍ത്തു.
സിപിഎം എന്നല്ല ഒരു പാർട്ടിയിലും താൻ അംഗമല്ല. എം.വി. ഗോവിന്ദൻ നാട്ടുകാരനാണ്. എന്നാൽ അദ്ദേഹത്തെ ടിവിയിൽ മാത്രമാണ് കണ്ടുപരിചയം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താൻ സംസാരിച്ചിട്ടില്ല. കുട്ടികളുമായി എത്തിയ സ്വപ്നയെ എങ്ങനെയാണ് തനിക്ക് ഭീഷണിപ്പെടുത്താൻ സാധിക്കുക.
ബംഗളൂരുവിലെ ഓഫീസിൽ വന്നാണ് സ്വപ്ന കണ്ടത്. അവിടെ വച്ചാണ് തങ്ങൾ സംസാരിച്ചത്. ഇപ്പറഞ്ഞതിലൊന്നും ഒരു വാസ്തവവുമില്ല. സ്വപ്ന പറഞ്ഞ പാർട്ടികളെയൊന്നും തനിക്കറിയില്ല. മീഡിയയിലും പത്രത്തിലുമൊക്കെയേ സ്വപ്ന പറയുന്ന ആളുകളെ താൻ കണ്ടിട്ടുള്ളു. തെളിവുകൾ ഉണ്ടെങ്കിൽ അവർ പുറത്തുവിടട്ടെ. ഭവിഷ്യത്തുകൾ നേരിടാൻ ഒരുക്കമാണ്.
ഇഡി തന്നെ ചോദ്യം ചെയ്തു. കാര്യങ്ങളെല്ലാം താൻ ഇഡിയോട് പറഞ്ഞതായും വിജേഷ് വ്യക്തമാക്കി.
Leave A Comment