കേരളം

അലബാമയിൽ ഇപ്പോഴും തീ, ബ്രഹ്മപുരത്തേത് അണക്കാൻ കഴിഞ്ഞത് അഭിമാനനേട്ടം- പി. രാജീവ്

തിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ അമേരിക്കയിലെ അലബാമയിലെ മാലിന്യമലയ്ക്ക് തീപ്പിടിച്ചതുമായി താരതമ്യപ്പെടുത്തി വ്യവസായ മന്ത്രി പി. രാജീവ്. അലബാമയിലെ തീപ്പിടിത്തം ഇപ്പോഴും അണക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ബ്രഹ്മപരുത്തെ തീയണയ്ക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി അവകാശപ്പെട്ടു.

'തീ അണഞ്ഞത് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നു. എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് തീ അണക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. അമേരിക്കയിലെ അലബാമയില്‍ നവംബറില്‍ 13 ഏക്കറിലെ മാലിന്യമലയ്ക്ക് തീപ്പിടിച്ചിട്ട് വീണ്ടും അവിടെ ഇപ്പോഴും തീ വരുന്നതിനെക്കുറിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.', പി. രാജീവ് പറഞ്ഞു.

തീ പടര്‍ന്ന് അത് അണച്ചുകഴിഞ്ഞ സന്ദര്‍ഭത്തില്‍, അതില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളേയും അഭിനന്ദിക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷം സ്വീകിരിക്കേണ്ടിയിരുന്നത്. അതിന് പകരം പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് തെറ്റാണ്. അടിയന്തരപ്രമേയ നോട്ടീസ് വായിച്ചാല്‍ തന്നെ അതിലെ പൊള്ളത്തരം മനസ്സിലാകും. അങ്ങേയറ്റം ലജ്ജാകരമാണ് പ്രതിപക്ഷത്തിന്റെ സമീപനം. മറുപടിക്ക് നില്‍ക്കാതെ അവര്‍ പോയി. മറുപടി പറയാന്‍ മന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ എന്തോ തര്‍ക്കമുണ്ടായെന്നാണ് മനസ്സിലായത്. ആ തര്‍ക്കം ബഹളമായിട്ട് ഇറങ്ങിപ്പോയതാണെന്നാണ് തോന്നുന്നത്. അതാണ് അവരുടെ രീതിയെന്നും മന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു.

Leave A Comment