പരിശോധന തുടരുന്നു ; ബോട്ട് സര്‍വീസുകള്‍ കുറഞ്ഞു
കൊച്ചി: പരിശോധനകള്‍ ശക്തമാക്കിയതിനു പിന്നാലെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിർത്തി വച്ച് വിനോദസഞ്ചാര ബോട്ടുകള്‍. മറൈന്‍ഡ്രൈവിലെ 60 ഓളം ബോട്ടുകളില്‍ ഇന്നലെ സര്‍വീസ് നടത്തിയത് 25ല്‍ താഴെ മാത്രമാണ്.
താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഉള്‍പ്പെടെ പരിശോധന ശക്തമാക്കിയതിനു പിന്നാലെയാണിത്. അതിനിടെ കൊച്ചിയില്‍ ബോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പോലീസിന്റെയും കോസ്റ്റൽ വിഭാഗത്തിന്റെയും പരിശോധന തുടരുകയാണ്. ബോട്ട് യാത്രയ്ക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.
സര്‍വീസ് നടത്തുന്ന ഭൂരിഭാഗം ബോട്ടുകളിലും യാത്രക്കാര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നില്ലെന്ന് കണ്ടെത്തി. ഇവര്‍ക്ക് ബോധവത്്കരണത്തിനൊപ്പം ബോട്ട് ഉടമകള്‍ക്ക് പോലീസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
യാത്ര ചെയ്യാന്‍ കഴിയുന്ന ആളുകളുടെ എണ്ണം ബോട്ടിന്റെ ഇരുവശങ്ങളിലും ആളുകള്‍ക്ക് കാണാന്‍ കഴിയുംവിധം എത്രയും വേഗം രേഖപ്പെടുത്തണമെന്നും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേടായ സുരക്ഷാ സംവിധാനങ്ങള്‍ പുതുക്കുന്നതിനൊപ്പം യാത്രക്കാര്‍ ഇത് ഉപയോഗിക്കുന്നത് ഉറപ്പാക്കണമെന്നും ബോട്ടുടമകള്‍ക്ക് അറിയിപ്പ് നല്കി.
എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സി. ജയകുമാറിന്റെ നേതൃത്വത്തില്‍ ബോട്ടുടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി ഇന്നലെയും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 40 ഓളം പേര് പങ്കെടുത്തു.
ബോട്ടിലേക്ക് പ്രവേശിക്കുന്നതിന് ഒരുക്കിയിരിക്കുന്ന മരത്തടിപ്പാലം എത്രയും വേഗം പുതുക്കി പണിയണമെന്ന് പോലീസ് നിര്‍ദേശിച്ചു. നിയമം ലംഘിക്കുന്ന ബോട്ടുകളുടെ വിവരം പോലീസിനെ നിര്‍ബന്ധമായും അറിയിക്കണമെന്നും എസിപി നിര്‍ദേശിച്ചു.
Leave A Comment