മുഖ്യമന്ത്രി ചൊവ്വാഴ്ച മടങ്ങിയെത്തും
തിരുവനന്തപുരം: വിദേശ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും. 13 ദിവസത്തോളം നീണ്ട അമേരിക്ക, ക്യൂബ, ദുബായ് രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷമാണു നാളെ പുലർച്ചെ മുഖ്യമന്ത്രി മടങ്ങിയെത്തുന്നത്.
ക്യൂബൻ സന്ദർശനത്തിനു ശേഷം ശനിയാഴ്ചയാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. 19നു മടങ്ങിയെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഇതാണ് 20ലേക്കു നീട്ടിയത്. വിദേശയാത്ര സംബന്ധിച്ച ഔദ്യോഗിക അറിയിപ്പിൽ ദുബായ് സന്ദർശനം വ്യക്തമാക്കിയിരുന്നില്ല.
കേരളത്തിലും വിദേശത്തും സംരംഭം തുടങ്ങാൻ പ്രവാസികളെ സഹായിക്കുന്ന സ്റ്റാർട്ട് അപ് മിഷന്റെ ഇൻഫിനിറ്റി സെന്റർ ദുബായിൽ ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്നുകൂടി ദുബായിൽ തങ്ങിയ ശേഷം മുഖ്യമന്ത്രി രാത്രിയോടെ മടങ്ങും. നാളെ പുലർച്ചെ തിരുവനന്തപുരത്തു മടങ്ങിയെത്തുമെന്നാണ് വിശദീകരണം.
ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിനായി കഴിഞ്ഞ എട്ടിനു പുലർച്ചെയാണു മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല വിജയൻ, പേഴ്സണൽ അസിസ്റ്റന്റ് വി.എം. സുനീഷ് എന്നിവരും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം അമേരിക്കയിലേക്കു പുറപ്പെട്ടത്.
Leave A Comment