സുധാകരനെതിരെ കള്ളക്കേസുണ്ടാക്കി, അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ വൈരാഗ്യബുദ്ധി: സതീശൻ
കൊച്ചി: കെ.സുധാകരനെതിരെ വ്യാജക്കേസുണ്ടാക്കിയാണ് അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ വൈരാഗ്യബുദ്ധിയാണെന്ന് സതീശൻ ആരോപിച്ചു.
ആരുടെയെങ്കിലും കൈയില്‍നിന്ന് പരാതി എഴുതി വാങ്ങിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ്. മോന്‍സന്റെ വീട്ടില്‍ സുധാകരന് നിരവധി തവണ സന്ദര്‍ശനം നടത്തിയെന്നാണ് പ്രധാന ആരോപണം. അതെങ്ങനെ കുറ്റകൃത്യമാകുമെന്ന് സതീശന് ചോദിച്ചു.
മോന്‍സന്റെ ഡ്രൈവറുടെ മൊഴിയാണ് മറ്റൊരു തെളിവ്. 2018ല്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് നടക്കുന്ന അന്വേഷണത്തില്‍ മൂന്നിലധികം തവണയാണ് ഡ്രൈവറെ ചോദ്യം ചെയ്തത്.
എന്നാല്‍ ഒരിയ്ക്കല്‍ പോലും സുധാകരനെതിരെ ഇയാള്‍ മൊഴി നല്‍കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ആളെ നിയോഗിച്ചതിന് ശേഷം ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മാത്രം പുതിയ തെളിവ് കിട്ടുന്നത് എങ്ങനെയാണെന്നും സതീശന് ചോദിച്ചു.
ആരുടെയും ഗ്യാരന്റിയില്ലാതെ ആദ്യം പത്ത് കോടി കൊടുത്ത ആളുകള്‍ക്ക് പിന്നീട് 25 ലക്ഷം കൈമാറാന്‍ മാത്രം സുധാകരന്റെ സാന്നിധ്യം എന്തിനാണ്. പരാതിക്കാര്‍ തെറ്റായ പശ്ചാത്തലമുള്ളവരാണ്. മോന്‍സനും പരാതിക്കാരും തമ്മില്‍ നടന്നതെല്ലാം നിയമവിരുദ്ധമായ ഇടപാടുകളാണെന്നും സതീശന് ചൂണ്ടിക്കാട്ടി.
പരാതിക്കാരെ ബ്ലാക്ക് മെയില്‍ ചെയ്ത് സുധാകരനെതിരെ തെളിവുണ്ടാക്കി അദ്ദേഹത്തെ ജയിലിലടയ്ക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ആര് മൊഴി കൊടുത്താലും പോലീസ് കേസെടുക്കുമോ എന്നും സതീശന് ചോദിച്ചു.
സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ എത്ര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. സുധാകരന് പോക്സോ കേസില്‍ പങ്കുണ്ടെന്ന വ്യാജ വാര്‍ത്ത കൊടുത്ത ദേശാഭിമാനിക്കും അത് ആവര്‍ത്തിച്ച എം.വി.ഗോവിന്ദനുമെതിരെ കേസെടുക്കാത്തതെന്താണെന്നും സതീശന് ചോദിച്ചു.
Leave A Comment