മാര്‍ക്ക് ലിസ്റ്റ് വിവാദം; അന്വേഷണം ഇഴയുന്നു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഇഴയുന്നു. കേസിലെ മൂന്നും നാലും പ്രതികളായ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കെഎസ്യു മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റ് സി.എ. ഫാസില്‍ എന്നിവര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകാത്തതോടെയാണ് കേസ് അനന്തമായി നീളുന്നത്. ഇന്നലെയും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായില്ല. അതേസമയം കേസ് റദ്ദാക്കുന്നതടക്കം ആവശ്യപ്പെട്ടുള്ള നിയമനടപടികളും കെഎസ്യു നേതൃത്വം ആലോചിക്കുന്നുണ്ട്.
മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് തനിക്കെതിരെ ഗൂഢാലോചനക്കുറ്റമടക്കം ചുമത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടിയിട്ടുണ്ട്. ഹര്‍ജി ഇന്നുവീണ്ടും പരിഗണിക്കും. അഖില കേസിലെ അഞ്ചാം പ്രതിയാണ്.
കേസിലെ ഒന്നും രണ്ടും പ്രതികളായ കോളജിലെ ആര്‍ക്കിയോളജി വിഭാഗം അധ്യാപകന് വിനോദ് കുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.എസ് ജോയ് എന്നിവരില്‍ നിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
സംഭവം സാങ്കേതിക പിഴവ് മാത്രമാണെന്നാണ് ഇരുവരും പോലീസിന് നല്കിയ മൊഴി. അതേസമയം പരാതിക്കാരനായ ആര്‍ഷോ കേസില്‍ ഗൂഢാലാചന ആരോപിക്കുമ്പോഴും ഇതുസംബന്ധിച്ച ഒരു തെളിവും പോലീസിന് കണ്ടെത്താനായിട്ടില്ല. കോളജിലെ സിസിടിവി ദൃശ്യങ്ങളും വിദഗ്ധരുടെ സഹായത്തോടെ എന്‍ഐസി സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ പരിശോധിച്ചതിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടുമില്ല.
Leave A Comment