കേരളം

അത്രക്കങ്ങ് പെയ്യാതെ മഴ; സംസ്ഥാനത്ത് ജൂണ്‍ മാസം ലഭിക്കേണ്ട മഴയില്‍ വന്‍ കുറവ്

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ മാസം ലഭിക്കേണ്ട മഴയില്‍ വന്‍ കുറവ്. സാധാരണ ലഭിക്കേണ്ടതില്‍ നിന്നും 65 ശതമാനം മഴയുടെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് ലഭിച്ചത്. 

ജൂണ്‍ മാസം സാധാരണ നിലയില്‍ 577.08 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 203.5 മില്ലിമീറ്റര്‍ മഴ മാത്രമാണ്. വയനാട് ജില്ലയില്‍ മഴയില്‍ 82 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 607 .3 മില്ലിമീറ്ററിന്റെ സ്ഥാനത്ത് 111.1 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. കോഴിക്കോട് 76 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 


ഇടുക്കിയിലും കാസര്‍ഗോഡും 73 ശതമാനം വീതവും പാലക്കാട് 72 ശതമാനം മഴയാണ് കുറഞ്ഞത്. കണ്ണൂര്‍,കോട്ടയം,മലപ്പുറം തൃശ്ശൂര്‍ ജില്ലകളിലും മഴയുടെ അളവില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. ബിപോര്‍ജോയ് ചുഴലിക്കാറ്റാണ് മഴ കുറയാന്‍ കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നും പ്രവചനമുണ്ട്.

Leave A Comment