കേരളം

ഗ്രീഷ്മ അണുനാശിനി കഴിച്ച സംഭവം; പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും

തിരുവനന്തപുരം: ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി തിരുവനന്തപുരം റൂറല്‍ എസ്പി ശില്‍പ. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എസ്പി പറഞ്ഞു.

ശുചിമുറിയില്‍നിന്ന് അണുനാശിനി കഴിച്ച കാര്യം ഗ്രീഷ്മ തന്നെയാണ് വെളിപ്പെടുത്തിയത്. നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

നാലു വനിതാ പോലിസുദ്യോഗസ്ഥരെയാണ് ഗ്രീഷ്മയുടെ കാര്യങ്ങള്‍ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. ഇന്നു രാവിലെ ചുമതലയേറ്റെടുത്ത രണ്ട് പോലീസുകാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നു എസ്പി കൂട്ടിചേര്‍ത്തു.

നെടുമങ്ങാട് ഡിവൈഎസ്പി ഓഫിസില്‍വച്ചാണ് ഗ്രീഷ്മ ജീവനൊടുക്കാന്‍ ശ്രമിച്ചത്. സുരക്ഷ ഉറപ്പാക്കിയ ശുചിമുറി ഇവിടെ ഉണ്ടായിരിക്കെ സ്‌റ്റേഷനു പുറത്തുള്ള ശുചിമുറിയിലാണ് പ്രതിയെ കൊണ്ടുപോയത്.

ഇവിടെയുണ്ടായിരുന്ന അണുനാശിനി കഴിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗ്രീഷ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷമേ തെളിവെടുപ്പുണ്ടാകൂ എന്നും പോലീസ് അറിയിച്ചു.

Leave A Comment