കേരളം

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; നഷ്ടം ഒരു കോടിയിലേറെ; 2905 പേരെ അറസ്റ്റ് ചെയ്തു

കൊച്ചി:പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ നടന്ന ആക്രമണങ്ങളില്‍ 86,61,775 രൂപയുടെ പൊതുമുതല്‍ നഷ്ടം ഉണ്ടായെന്നും സ്വകാര്യ വ്യക്തികള്‍ക്ക് 16,13,020 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ആക്രമണങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ട് വരെ 342 കേസുകളിലായി 2905 പേരെ അറസ്റ്റ് ചെയ്തു. കേന്ദ്ര നിരോധനത്തിന്റേയും യുഎപിഎ കേസുകളുടേയും പശ്ചാത്തലത്തില്‍ വ്യാപകമായി റെയ്ഡ് നടത്തിയെന്നും ഓഫീസുകള്‍ പലതും മുദ്ര വച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു. 

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കോടതി സ്വമേധയാ എടുത്ത കേസിലാണ് ആഭ്യന്തര അഡീ. സെക്രട്ടറി ഡി സരിതയുടെ സത്യവാങ്മൂലം. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും. കേന്ദ്രത്തിന്റെ നിരോധനം കൂടി വന്നതോടെ എന്‍ഐഎയും കേരളം പൊലീസും നടത്തിയ സംയുക്ത ഓപറേഷനിലാണ് സംസ്ഥാന ജറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറിനേയും മുന്‍ ജനറല്‍ സെക്രട്ടറിയേയും പിടികൂടിയതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരമുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. ഹര്‍ത്താല്‍ കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിനേയും സത്താറിനേയും പ്രതി ചേര്‍ത്തു. 

റവന്യൂ റിക്കവറി നടപടി ആരംഭിക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വത്തുക്കള്‍ തിട്ടപ്പെടുത്തുന്നതിനായി രജിസ്ട്രേഷന്‍ ഐജിയുമായി ചേര്‍ന്നു നടപടികള്‍ക്കു സംസ്ഥാന ഡിജിപിയെ ചുമതലപ്പെടുത്തി. 

ജാമ്യമില്ലാ വകുപ്പുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബാക്കിയുള്ളവരെ ജാമ്യത്തില്‍ വിട്ടതു കര്‍ശന വ്യവസ്ഥകളിലാണ്. നഷ്ടപരിഹാര അപേക്ഷകള്‍ പരിഗണിക്കാന്‍ പിഡി ശാരങ്ധരനെ ക്ലെയിംസ് കമ്മീഷണറായി നിയമിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു. നാശനഷ്ടങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കും ഹാജരാക്കിയിട്ടുണ്ട്.

Leave A Comment