'കൂടെ നിന്ന് ചതിച്ചു'; ശ്രീധരനെതിരെ കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബം
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സി.കെ.ശ്രീധരനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബം. വീട്ടിലെ ഒരംഗത്തെപോലെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ചശേഷം കൂടെ നിന്ന് ചതിച്ചെന്നാണ് ആരോപണം.
കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ അടക്കം മുന്‍പന്തിയില്‍നിന്ന ആളാണ് അദ്ദേഹം. കേസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അദ്ദേഹം പഠിച്ചു. ഫയലുകള്‍ വീട്ടില്‍നിന്ന് കൊണ്ടുപോയി പരിശോധിച്ചു. ശേഷം പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് കടുത്ത വഞ്ചനയാണെന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബം പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചനയുണ്ടായതായി പരാതി നല്‍കും. ഗൂഢാലോചനയില്‍ ശ്രീധരന്റെ പങ്ക് അന്വേഷിക്കണം. കേസ് അട്ടിമറിക്കാന്‍ നേരത്തെയുള്ള ധാരണപ്രകാരമാകാം ഫയലുകള്‍ പരിശോധിച്ചതെന്നും കുടുംബം ആരോപിച്ചു.
അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ ശ്രീധരന് കേസിലെ ഒമ്പത് പ്രതികള്‍ക്കുവേണ്ടിയാണ് വക്കാലത്ത് ഏറ്റെടുത്തത്. സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കുവേണ്ടിയാണ് ശ്രീധരന് കേസ് വാദിക്കുന്നത്.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
Leave A Comment