രാജിവയ്ക്കുകയോ വയ്ക്കാതിരിക്കുകയോ രാഹുലിന്റെ തീരുമാനം: പ്രതിപക്ഷ നേതാവ്
ആലപ്പുഴ: രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോള്‍ തന്നെ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നുവെന്നും അത് ഇന്ന് പ്രഖ്യാപിച്ചുവെന്നു മാത്രമേയുള്ളുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആദ്യം പരാതി വന്നപ്പോള്‍ തന്നെ ഏകകണ്ഠമായി രാഹുലിനെ സസ്പെന്‍ഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. നേതാക്കളെല്ലാം കൂട്ടായെടുത്ത തീരുമാനമായിരുന്നു അത്.
രാഹുലിനെതിരെ രണ്ടാമത്തെ പരാതി കൂടി വന്നതോടെ ഇന്നലെ തന്നെ രാഹുലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാൻ നേതൃത്വം കൂടിയാലോചിച്ച് ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്നലെയാണോ ഇന്നാണോയെന്നതിൽ പ്രസക്തിയില്ല.
തന്റെ പാര്‍ട്ടിയിൽ തനിക്ക് അഭിമാനമുണ്ട്. ഇത്തരമൊരു തീരുമാനം കൂട്ടായാണ് എടുത്തതെന്നും വി.ഡി. സതീശൻ പറഞ്ഞു.
ആദ്യമെടുത്ത തീരുമാനം ശരിയായെന്ന് പുറത്താക്കിയ നടപടിയോടെ വ്യക്തമായി. ഇന്നലെയെടുത്ത തീരുമാനം ഇന്ന് പ്രഖ്യാപിച്ചുവെന്ന് മാത്രമേയുള്ളു.
മിനിഞ്ഞാനാണ് കെപിസിസി അധ്യക്ഷന്‍ പരാതി ലഭിക്കുന്നത്. ആ പരാതിയാണ് കെപിസിസിക്ക് ആദ്യമായി ലഭിച്ചത്. അതിന് മുമ്പ് അത്തരം പരാതിയൊന്നും വന്നിരുന്നില്ല. ആദ്യത്തെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ പരാതി കെപിസിസി അധ്യക്ഷനും ലഭിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് പരാതി നൽകിയശേഷമാണ് തങ്ങള്‍ക്ക് പരാതി ലഭിക്കുന്നത്. അതിൽ നടപടിയെടുക്കുന്നതിന് മുമ്പ് തന്നെ പോലീസ് തുടര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഇനി രാഹുൽ രാജിവയ്ക്കുകയോ വയ്ക്കാതിരിക്കുകയോ എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്.
എന്ത് തീരുമാനമെടുത്താലും കുഴപ്പമില്ല. ഇനി പാര്‍ട്ടിക്ക് യാതൊരു ബാധ്യതയുമില്ല. ഇനി ഒന്ന് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി കഴിഞ്ഞു. അതിനാൽ രാജിയുടെ കാര്യത്തിൽ എന്തു തീരുമാനം വേണമെങ്കിലും എടുത്തോട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Leave A Comment