കാട്ടാനക്കൂട്ടത്തിന്‍റെ മുന്നിൽപ്പെട്ട ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്
വരന്തരപ്പിള്ളി: പാലപ്പിള്ളി പിള്ളത്തോടിന് സമീപം കാട്ടാനക്കൂട്ടത്തിൻ്റെ മുന്നിൽപ്പെട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. ടാപ്പിംഗ് തൊഴിലാളികളായ കാരികുളം കരിമ്പിൽ അഷറഫ് (47), ഭാര്യ നസിയ (43) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കാലിനും കൈക്കും പരിക്കേറ്റ അഷറഫിനെ ആദ്യം വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വനം വകുപ്പ് അധികൃതരെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നസിയക്ക് കൈക്കാണ് പരിക്കേറ്റത്. പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപം കാട്ടാനക്കൂട്ടം റോഡിലേക്ക് കയറുന്നത് കണ്ട് പെട്ടെന്ന് ബ്രേയ്ക്കിട്ടതോടെ ബൈക്ക് മറിയുകയായിരുന്നു. ആനക്കൂട്ടത്തിൻ്റെ അടുത്തുനിന്ന് ഓടിരക്ഷപ്പെട്ടതു മൂലമാണ് ജീവൻ രക്ഷിക്കാനായത്.
റോഡ് മുറിച്ചുകടന്ന കാട്ടാനകൾ തൊട്ടടുത്ത റബ്ബർ തോട്ടത്തിലേക്ക് കയറിയ സമയത്താണ് അതുവഴി വന്ന യാത്രക്കാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.പാലപ്പിള്ളി റേഞ്ച് ഓഫീസർ പ്രേം ഷമീറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ രാത്രി മുതൽ പ്രദേശത്ത് മുപ്പതോളം ആനകൾ നിലയുറപ്പിച്ചതായി നാട്ടുകാർ പറയുന്നു. പകൽ സമയത്തു പോലും മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതോടെ ഭീതിയോടെയാണ് യാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്
Leave A Comment