പ്രാദേശികം

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ 'സ്ത്രീവിരുദ്ധ പരാമര്‍ശ' വിവാദം

ചാലക്കുടി : സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മെമ്പര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട്  ചാലക്കുടി  ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. വാക്കേറ്റം രൂക്ഷമായതോടെ  ബ്ലോക്ക് പ്രസിഡന്റ് യോഗം പിരിച്ചുവിട്ടു. 

പ്രതിപക്ഷ വനിത അംഗത്തിനും വനിതയായ ബി ഡി ഒ ക്കും നേരേയുമാണ് ഭരണപക്ഷ കോണ്‍ഗ്രസ് അംഗം കഴിഞ്ഞ രണ്ട് യോഗങ്ങളിലും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതെന്നാണ് ആക്ഷേപം. ബ്ലോക്ക് പ്രസിഡന്റിനോട് പരാതിപ്പെട്ടെങ്കിലും മെമ്പര്‍ വീണ്ടും തന്നിഷ്ടം തുടരുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 

അതേസമയം പ്രതിപക്ഷം സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രസിഡൻറ് വേണു കണ്ടരുമഠത്തിൽ, വൈസ് പ്രസിഡന്റ് ലീന ഡേവിസ്, യുഡിഎഫ് പാർലിമെൻററി പാർട്ടി ലീഡർ പി കെ ജേക്കബ് പി.പി പോളി, വനജദിവാകരൻ, ഷാൻറി ജോസഫ് എന്നിവർ അറിയിച്ചു. 

ഭരണ സമിതി യോഗത്തിൽ പ്രതിപക്ഷത്തെ ഏററവും പ്രായം കുറഞ്ഞ അംഗത്തെ 'മോളേ' 'കുട്ടി', എന്നു വിളിച്ചതാണ് സ്ത്രീ വിരുദ്ധ പരമാർശമായി പ്രതിപക്ഷം ചിത്രീകരിച്ചത്. ഇത്തരം വില കുറഞ്ഞ രാഷ്ട്രീയ പ്രേരിത ആരോപണങ്ങൾ പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് ഭരണപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.

Leave A Comment