മൂന്ന് പഞ്ചായത്തുകളിൽ വെള്ളമില്ല: ജലശുദ്ധീകരണശാലയിൽ പ്രതിഷേധം
കരുമാല്ലൂർ : മൂന്ന് പഞ്ചായത്തുകളിൽ കുടിവെള്ളമെത്താതായിട്ട് മൂന്നുദിവസമായി. ദാഹമകറ്റാൻപോലും വെളളമില്ലാതായതോടെ പ്രതിഷേധവുമായി നാട്ടുകാർ ജല അതോറിറ്റി ഓഫീസിലെത്തി. മുപ്പത്തടം ശുദ്ധീകരണശാലയിൽനിന്നും വിതരണംചെയ്യുന്ന ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിലാണ് മൂന്നുദിവസമായി വിതരണം നിർത്തിവെച്ചത്. പ്ലാന്റിന്റെ അറ്റകുറ്റപ്പണി കാരണം രണ്ടുദിവസം ജലവിതരണം തടസ്സപ്പെടുമെന്ന് നേരത്തേതന്നെ അറിയിപ്പുണ്ടായിരുന്നു. എന്നാൽ മൂന്നാംദിവസവും വെള്ളമെത്താതെയായതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
രണ്ടുദിവസംതന്നെ വലിയ ബുദ്ധിമുട്ടിയാണ് കഴിഞ്ഞുപോയത്. കുപ്പിവെളളം വാങ്ങി ഭക്ഷണം പാകംചെയ്തവരുണ്ട്. ഇതിനിടെ വീണ്ടും ജലവിതരണത്തിൽ തടസ്സം നേരിട്ടതോടെയാണ് നാട്ടുകാരെ ഉൾപ്പെടുത്തി കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ്, കടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് നാസർ എടയാർ, കടുങ്ങല്ലൂർ പഞ്ചായത്തംഗങ്ങളായ കെ.എസ്. താരാനാഥ്, എം.കെ. ബാബു, ആർ. ശ്രീരാജ് തുടങ്ങിയവർ മുപ്പത്തടം ജല അതോറിറ്റി ഓഫീസിലെത്തി ഉപരോധസമരം നടത്തിയത്. എത്രയുംവേഗം ജലവിതരണം ആരംഭിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
Leave A Comment