കംഫർട്ട് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നില്ല, ബി.ജെ.പി. കുത്തിയിരിപ്പ് സമരം നടത്തി
അത്താണി : അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കവാടമായ അത്താണി എയർപോർട്ട് ജങ്‌ഷനിലെ രണ്ട് കംഫർട്ട് സ്റ്റേഷനുകളും രണ്ടു വർഷത്തിലേറെയായി പ്രവർത്തിക്കുന്നില്ല.
കുട്ടികളും സ്ത്രീകളടക്കമുള്ള യാത്രക്കാരും ഓട്ടോ-ടാക്സി ഡ്രൈവർമാരും വ്യാപാരികളും ഇതുമൂലം വലിയ ദുരിതത്തിലാണ്. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ച് നിർമിച്ച കംഫർട്ട് സ്റ്റേഷൻ കോവിഡ് മഹാമാരിക്ക് മുൻപു വരെ പ്രവർത്തിച്ചിരുന്നതാണ്. കൂടാതെ അത്താണി ജങ്‌ഷനിൽ അങ്കമാലി ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള കംഫർട്ട് സ്റ്റേഷനും അടഞ്ഞുകിടക്കുകയാണ്.
അധികൃതർ ഇക്കാര്യത്തിൽ അനാസ്ഥ കാണിക്കുകയാണെന്ന് ബി.ജെ.പി. ആരോപിച്ചു. തൊഴിലാളികളെ നിയമിച്ച് കംഫർട്ട് സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ കഴിയും. എന്നാൽ, എ ഗ്രേഡ് പഞ്ചായത്ത് ഇതിൽ വീഴ്ച കാണിക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റി കുത്തിയിരിപ്പ് സമരം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രൂപേഷ് പൊയ്യാട്ട് അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം ലതാ ഗംഗാധരൻ, സി. സുമേഷ്, വി.വി. ഷൺമുഖൻ, സേതുരാജ് ദേശം, ബാബു കരിയാട്, എം.സി. രാജേന്ദ്രൻ, കെ.വി. അരുൺ, കെ. മധുസൂദനൻ, വി.പി. ഷാജി, പി.ആർ. പ്രസന്നകുമാർ, എന്നിവർ പങ്കെടുത്തു.
Leave A Comment