അങ്കമാലി ബൈപ്പാസ് : 'ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം' അവലോകന യോഗം ചേർന്നു
അങ്കമാലി : അങ്കമാലി ബൈപ്പാസിന്റെ നിർമാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ റോജി എം. ജോൺ എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. പദ്ധതിയുടെ നിലവിലെ പുരോഗതിയും സ്ഥലമെടുപ്പിന് സ്വീകരിക്കേണ്ട തുടർ നടപടികളും എം.എൽ.എ.യുടെയും ഡെപ്യൂട്ടി കളക്ടറുടെയും സാന്നിധ്യത്തിൽ അങ്കമാലി റെസ്റ്റ് ഹൗസിൽ ചേർന്ന യോഗം ചർച്ച ചെയ്തു.
അങ്കമാലി, കറുകുറ്റി വില്ലേജുകളിലായി എൽ.എ.ആർ.ആർ. ആക്ട് 2013 പ്രകാരം ഏകദേശം 7.5831 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ വിജ്ഞാപനം 2022 ഓഗസ്റ്റ് 24-ന് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതിനോടൊപ്പംതന്നെ സാമൂഹികാഘാത പഠനം പൂർത്തീകരിക്കുകയും റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള 19 (1) വിജ്ഞാപനത്തിന് മുന്നോടിയായുള്ള ഭൂമിയുടെ സർവേ നടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റെടുക്കേണ്ട സ്ഥലം ചതുപ്പുനിലവും വെള്ളക്കെട്ട് പ്രദേശവുമായതിനാൽ മഴക്കാലം തുടങ്ങിയാൽ സർവേ നടപടികൾ നടത്താൻ കഴിയാത്ത സാഹചര്യമായതിനാൽ മാർച്ച് മാസത്തിനുള്ളിൽ സർവേ പൂർത്തിയാക്കണമെന്ന് എം.എൽ.എ. നിർദേശിച്ചു. ഇതിനായി ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് എം.എൽ.എ. പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
യോഗത്തിൽ എൽ.എ. ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിലാൽ, അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ്, ആർ.ബി.ഡി.സി.കെ. ഡെപ്യൂട്ടി ജനറൽ മാനേജർ റീനു എലിസബത്ത് ചാക്കോ, എൽ.എ. സ്പെഷ്യൽ തഹസിൽദാർ ടി.എൻ. ദേവരാജൻ, കിഫ്ബി വാല്വേഷൻ അസിസ്റ്റന്റ് എ.ജി. ഉണ്ണികൃഷ്ണൻ, റവന്യൂ ഇൻസ്പെക്ടർമാരായ ടി.എൻ. വിനോദ്, ടി.എ. സന്തോഷ്, സർവേയർ എം.എസ്. ഷാജി, വില്ലേജ് അസിസ്റ്റന്റ് സി.പി. വിനോദ്കുമാർ എന്നിവർ പങ്കെടുത്തു
Leave A Comment