കെ.എ.തോമസ് മാസ്റ്റർ പുരസ്കാരം ആനി രാജയ്ക്ക്
മാള : കെ.എ.തോമസ് മാസ്റ്ററുടെ പേരിൽ മികച്ച പൊതുപ്രവർത്തകർക്ക് നൽകിവരുന്ന പുരസ്കാരം ഈ വർഷം പ്രമുഖ രാഷ്ട്രീയ നേതാവ് ആനി രാജയ്ക്ക് നൽകുന്നു. പി.എൻ.ഗോപീകൃഷ്ണൻ, ഡോ.സി.എസ്. വെങ്കിടേശ്വരൻ, പ്രൊഫ. കുസുമം ജോസഫ് എന്നിവരാണ് പുരസ്കാര നിർണ്ണയം നടത്തിയത്.
കണ്ണൂരിൽ ആറളം പഞ്ചായത്തിൽ ജനിച്ച ആനി രാജ സി.പി.ഐ.യുടെ ദേശീയ നേതാവാണ്. അവരുടെ പ്രവർത്തന മണ്ഡലം ഇപ്പോൾ ഡെൽഹിയാണ്. യൂറോപ്പിലെ ഇടത് സംഘടനകൾ 2019 ൽ സൂറിച്ചിൽ നടത്തിയ മെയ്ദിന റാലിയിൽ പതാക ഉയർത്തിയതോടെ ,അത്തരത്തിൽ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം അവർക്ക് സ്വന്തമായി.
ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും സ്മൃതി ഫലകവും ഉൾപ്പെടുന്ന പുരസ്കാരം കെ.എ.തോമസ് മാസ്റ്റർ ഫൗണ്ടേഷനാണ്
ഏർപ്പെടുത്തിയിട്ടുള്ളത്. വി.എസ്.അച്ചുതാനന്ദൻ, വി.എം.സുധീരൻ, കെ.അജിത, പെമ്പിളൈ ഒരുമ, മാഗ്ളിൻ ഫിലോമിന, ഡോ.തോമസ് ഐസക്, സണ്ണി എം.കപിക്കാട് എന്നിവരാണ് മുൻ വർഷങ്ങളിൽ പുരസ്കാരത്തിന് അർഹരായിട്ടുള്ളത്.
കെ.എ.തോമസ് മാസ്റ്ററുടെ പതിനൊന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മാർച്ച് 19ന് മാളയിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽവച്ച് മന്ത്രി ഡോ.ആർ.ബിന്ദു പുരസ്കാരം സമർപ്പിക്കും. വി.ആർ.സുനിൽകുമാർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ കെ.ഇ.എൻ.കുഞ്ഞഹമ്മദ് സ്മാരക പ്രഭാഷണം നടത്തും.
Leave A Comment