പ്രാദേശികം

കൊടുങ്ങല്ലൂരിന്‍റെ തീരപ്രദേശത്ത് ശക്തമായ വേലിയേറ്റം

കൊടുങ്ങല്ലൂര്‍: ഒരിടവേളയ്ക്ക് ശേഷം കൊടുങ്ങല്ലൂരിന്‍റെ  തീരപ്രദേശത്ത് ശക്തമായ വേലിയേറ്റം അനുഭവപ്പെട്ടു. ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെ ആരംഭിച്ച വേലിയേറ്റത്തിന് ഇന്ന് പുലർച്ചെ നേരിയ ശമനമുണ്ടായെങ്കിലും പൂർണ്ണമായും അവസാനിച്ചിട്ടില്ല. ഇന്ന് വൈകീട്ട് വീണ്ടും വേലിയേറ്റം ശക്തമാകുമെന്ന ആശങ്കയിലാണ് തീരവാസികൾ.

എറിയാട് പഞ്ചായത്തിലെ ചന്ത കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ അറപ്പ, വാക്കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ വേലിയേറ്റത്തിൻ്റെ തീവ്രത കൂടുതലാണ്. എറിയാട് ചന്തക്കടപ്പുറത്ത് അരക്കിലോ മീറ്ററോളം ദൂരത്തിൽ കടൽവെള്ളം കയറിയ നിലയിലാണ്. തീരദേശത്ത് ഇടത്തോടുകളിലെല്ലാം കടൽ വെള്ളം വന്നു നിറഞ്ഞിട്ടുണ്ട്. കടൽഭിത്തിയില്ലാത്തതും, ജിയോ ബാഗ് തടയണ നശിച്ചതും വേലിയേറ്റത്തിൻ്റെ തീവ്രത വർദ്ധിപ്പിച്ചതായി നാട്ടുകാർ പറയുന്നു. 

കടലിനോട് ചേർന്ന് താമസിച്ചിരുന്ന നിരവധി കുടുംബങ്ങളെ പുനർഗേഹം പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിച്ചതിനാൽ വേലിയേറ്റം മൂലമുള്ള നാശനഷ്ടങ്ങൾക്ക് കുറവുണ്ടായിട്ടുണ്ട്. വേലിയേറ്റം തടയാൻ നടപടികൾ സ്വീകരിക്കണമെന്നും, ദുരിതബാധിതർക്ക് സഹായമെത്തിക്കണമെന്നും എറിയാട് പഞ്ചായത്ത് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവ് പി.കെ മുഹമ്മദ്, പഞ്ചായത്തംഗം പി.എച്ച് നാസർ എന്നിവർ ആവശ്യപ്പെട്ടു.

Leave A Comment