പ്രാദേശികം

മലിനീകരണം: അങ്കമാലിയിലെ പ്ലൈവുഡ് കമ്പനിക്ക് നഗരസഭ നോട്ടീസ് നൽകി

അങ്കമാലി : മാലിന്യം പുറന്തള്ളുന്നത് അടിയന്തരമായി നിർത്തണമെന്നാവശ്യപ്പെട്ട് ചമ്പന്നൂർ സിഡ്‌ക്കോ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിക്ക് അങ്കമാലി നഗരസഭ നോട്ടീസ് നൽകി. കമ്പനിയിൽനിന്നും നിരന്തരം ചമ്പന്നൂർ പാടശേഖരങ്ങളിലേക്ക് മാലിന്യം ഒഴുക്കിവിടുന്നതുമൂലം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നുവെന്നും പ്രദേശവാസികൾക്ക് ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി ചമ്പന്നൂർ പരിസ്ഥിതി സംരക്ഷണസമിതിയും പാടശേഖര സമിതിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഏഴുദിവസത്തിനകം പ്രശ്നങ്ങൾ പരിഹരിച്ച് റിപ്പോർട്ട് നൽകണമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. അല്ലാത്തപക്ഷം നിയമനടപടിയിലേക്ക് നീങ്ങുമെന്നും നഗരസഭ താക്കീതുനൽകി. വിഷയത്തിൽ നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കുകയും ചെയ്തു. വ്യവസായമേഖലയിൽനിന്നും പുറന്തള്ളുന്ന രാസവസ്തുക്കൾ അടങ്ങിയ മാലിന്യങ്ങൾ പ്രദേശവാസികളുടെ ആരോഗ്യത്തിന് ഹാനികരമായതിനാൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കൗൺസിൽ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. സ്ഥാപനത്തിൽനിന്നും പുറത്തുവിടുന്ന പുക പ്രദേശവാസികൾക്ക് ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നുവെന്ന് പരാതിയുണ്ട്.

വ്യവസായമേഖലയിൽനിന്നും പുറന്തള്ളുന്ന രാസമാലിന്യവും മലിനജലവും കുട്ടാടൻകുഴി പാടശേഖരം വഴി മാഞ്ഞാലി തോട്ടിലേക്ക് എത്തുന്നുണ്ട്. ഈ പാടശേഖരത്തിൽനിന്നും വെള്ളം കുടിക്കുന്ന പക്ഷിമൃഗാദികൾ പലതും ചാകുന്നു. കഴിഞ്ഞവർഷം മേയാൻ വിട്ട പശു ചത്തസംഭവം ഉണ്ടായി. പാടങ്ങളിൽ മലിനജലം എത്തുന്നതിനാൽ സമീപത്തെ വീടുകളിലെ കിണറുകളിലും രാസമാലിന്യം കലർന്ന വെള്ളം ഉറവയായി എത്തുന്നു. ഇതിനെതിരേ മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും നഗരസഭയ്ക്കും മലിനീകരണ നിയന്ത്രണബോർഡിനും കളക്ടർക്കുമെല്ലാം നാട്ടുകാർ പരാതി നൽകിയിരുന്നു.

Leave A Comment