കാനയിലെ മാലിന്യം തള്ളി; നാട്ടുകാർ വാഹനം തടഞ്ഞു
നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് ഓഫീസിനും അടുത്തിടെ ഉദ്ഘാടനം നിർവഹിച്ച ഹൈടെക് അങ്കണവാടിയും ഉൾപ്പെട്ട പറമ്പയം ജനവാസ കേന്ദ്രത്തിൽ അഴുക്ക് കാനയിലെ മാലിന്യം തള്ളിയത് നാട്ടുകാർക്ക് ദുരിതമായി.അസഹ്യമായ ദുർഗന്ധം വമിക്കുന്ന ടൺ കണക്കിന് മാലിന്യമാണ് അങ്കണവാടിക്ക് ചുറ്റും അലക്ഷ്യമായി തള്ളിയത്. സമീപവാസികളും കപ്രശേരി ഭാഗത്തേക്കുള്ള സഞ്ചാരികളും ദുർഗന്ധംമൂലം വലയുകയാണ്. വീടുകളും കച്ചവട സ്ഥാപനങ്ങളും ഓട്ടോസ്റ്റാൻഡും സ്ഥിതി ചെയ്യുന്ന ഭാഗത്ത് ചത്ത ജീവികളും രൂക്ഷ ഗന്ധമടങ്ങിയ മറ്റ് മാലിന്യങ്ങളും വഴിയുലടനീളം ചിതറി കിടക്കുകയാണ്. അങ്കണവാടിക്ക് സമീപം വെള്ളക്കെട്ടും മാലിന്യക്കുനയും നിറഞ്ഞതോടെ കാൽനട യാത്രക്കാർ മൂക്കുപൊത്തിയാണ് നടക്കുന്നത്.
മാലിന്യം നിറഞ്ഞതോടെ ക്ഷുഭിതരായ നാട്ടുകാർ സ്ഥലത്ത് തടിച്ച് കൂടുകയും മാലിന്യം തള്ളിയ വാഹനം തടഞ്ഞിടുകയും ചെയ്തു. ഇതോടെ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തി കരാറുകാരനോട് കാര്യം തിരക്കാൻ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു.
മഴക്കാല തീവ്ര ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഊർജിതമായ കാന ശുചീകരണം നടന്നുവരികയാണ്. അതിനിടെയാണ് വിവിധ വാർഡുകളിലെ അഴുക്ക് കാനയിൽനിന്ന് കോരിയ മാലിന്യം കരാറുകാരൻ പഞ്ചായത്ത് ഓഫീസിന് സമീപത്തെ അങ്കണവാടിക്ക് മുന്നിൽ തള്ളിയത്.
പഞ്ചായത്ത് വർക്കിന്റെ മറവിൽ ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയ കരാറുകാരന്റെ നിരുത്തരവാദിത്വ ചെയ്തിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. അതിനിടെ കുറ്റക്കാർക്കെതിരെ മാതൃക പരമായ നടപടി സ്വീകരിക്കണമെന്ന് മുൻ പഞ്ചായത്തംഗം ജെർളി കപ്രശേരിയും സമീപവാസിയായ ഇ.എ.അബ്ദുൽ ജബ്ബാറും ആവശ്യപ്പെട്ടു.
Leave A Comment