വീടുകളിൽ വെള്ളംകയറി, സ്കൂളിനു മുകളിൽ മരക്കൊമ്പ് വീണു
ഇരിങ്ങാലക്കുട: കനത്തമഴയിൽ കാറളത്ത് മണ്ണിടിച്ചൽ. കാറളം വെള്ളാനി വടക്കേ കോളനിയിൽ ഞാറ്റുവെട്ടി വീട്ടിൽ സുനിത സന്തോഷിന്റെ വീടിനു പിന്നിലാണു മണ്ണിടിഞ്ഞത്.സുനിതയും ഭർത്താവ് സന്തോഷും മകളുമാണ് ഇവിടെ താമസിക്കുന്നത്. ഇവരോടു മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകി. വേളൂക്കര പഞ്ചായത്തിൽ വാർഡ് 18ൽ നടവരന്പ് വൈക്കര പ്രദേശത്തുള്ള ചോരംപാടത്ത് എട്ടു വീടുകൾ വെള്ളക്കെട്ടിലായെന്നു പരിസരവാസികൾ പറഞ്ഞു. കൈത്തോടു തുറന്നു വെള്ളമൊഴുകാനുള്ള നടപടിയെടുത്തെന്നു വാർഡ് മെംബർ ഗാവറോഷ് അറിയിച്ചു.
പടിയൂർ പഞ്ചായത്തിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ കൂത്തുമാക്കൽ സ്ലൂയിസിന്റെ ഷട്ടറുകൾ കൂടുതലായി തുറക്കാൻ നിർദേശം നൽകിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. കെട്ടുച്ചിറ തുറക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
കയ്പമംഗലത്തു കനത്ത കാറ്റിലും മഴയിലും നാശനഷ്ടം. കൂരിക്കുഴിയിൽ സ്കൂളിന് മുകളിൽ മരക്കൊന്പ് വീണു. അപകടത്തിൽ ആർക്കും പരിക്കില്ല.
കയ്പമംഗലത്ത് ഇന്നലെ ഉച്ചയ്ക്കുശേഷം വീശിയ കാറ്റിലാണു നാശനഷ്ടം. പതിനെട്ട് മുറി എഎംയുപി സ്കൂളിൻറെ വരാന്തയ്ക്കു മുകളിലേക്ക് ഇന്നലെ ഉച്ചയ്ക്കു മൂന്നിനാണു മരക്കൊന്പ് വീണത്. ഈ സമയം വിദ്യാർഥികൾ ക്ലാസിലുണ്ടായിരുന്നു.
വരാന്തയുടെ ഓടുകൾ മാത്രമാണു പൊട്ടിയതെന്നും കുട്ടികൾക്കു പരിക്കില്ലെന്നും അധികൃതർ പറഞ്ഞു. അപകടം ഒഴിവാക്കുന്നതിനായി സ്കൂൾ മുറ്റത്തെ പ്ലാവ് പൂർണമായും വെട്ടിമാറ്റി.
വഴിയന്പലം കുറ്റിക്കാട്ട് അന്പലം പരിസരത്തും കാറ്റിൽ നാശനഷ്ടമുണ്ടായി. കറുപ്പം വീട്ടിൽ അഷറഫിന്റെ വീട് മരങ്ങൾ വീണു ഭാഗികമായി തകർന്നു. ചാരങ്ങത്ത് പ്രസാദിന്റെ വീടിന് മുകളിലും മരം വീണു. തെങ്ങ് ഒടിഞ്ഞു വീണ് വൈദ്യുതി ലൈനും പൊട്ടിവീണു. പുതിയ വീട്ടിൽ അബ്ദുൾ കരീമിൻറെ വീടിന് മുകളിലെ പ്ലാസ്റ്റിക്ക് ഷീറ്റ് പറന്നു പോയി. കടവിൽ വലിയപറന്പിൽ സുധാകരൻറെ ശുചിമുറിയും മരം വീണ് തകർന്നു.
നടക്കൽ സുധീർ കുമാറിന്റെ വീടിനും നാശനഷ്ടമുണ്ടായി. കാളമുറി ആൽഫ പാലിയേറ്റീവ് കെയറിന് സമീപം പുതിയ വീട്ടിൽ മൊയ്തീൻ കുട്ടിയുടെ പറന്പിലെ മരം ഒടിഞ്ഞ് വീണുമതിൽ തകർന്നു. വൈദ്യുതി കന്പിയും പൊട്ടി വീണു.
Leave A Comment