പ്രാദേശികം

കൂറുമാറ്റം ; പാവറട്ടി പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കി

തൃശൂര്‍: പാവറട്ടി പഞ്ചായത്ത് പ്രസിഡന്‍ററ് സിന്ധു അനില്‍കുമാറിനെ അയോഗ്യയായി പ്രഖ്യാപിച്ചു. മഹിള കോണ്‍ഗ്രസ് നേതാവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ വിമല സേതുമാധവന്‍ തെരഞ്ഞടുപ്പ് കമ്മിഷന് നല്കിയ പരാതിയിലാണ് നടപടി. പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍നിന്ന് യു.ഡി.എഫ്. പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ഇവര്‍ കൂറുമാറി എല്‍.ഡി.എഫ്. പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റാകുകയായിരുന്നു. 

ഇടതുപക്ഷത്തെയും ബി.ജെ.പിയെയും പരാജയപ്പെടുത്തി ആണ് ഒന്നാം വാര്‍ഡില്‍നിന്ന് സിന്ധു അനില്‍കുമാര്‍ പഞ്ചായത്തംഗമായത്. രണ്ടര വര്‍ഷമായി ഇവര്‍ പഞ്ചായത്ത് പ്രസിഡന്‍റായി ചുമതല വഹിച്ച് വരികയായിരുന്നു. സി.പി.എമ്മിന്റെ ലോക്കല്‍ സെക്രട്ടറി ബാബു ആന്റണി ഉള്‍പ്പെടെ സിന്ധു അനില്‍ കുമാറിന് അനുകൂലമായി മൊഴി കൊടുത്തിരുന്നു. 15 അംഗങ്ങളുള്ള ഭരണ സമിതിയില്‍ രണ്ട് എസ്.ഡി.പി.ഐ. അംഗങ്ങളും ബി.ജെ.പി. ഒന്ന്, അഞ്ച് ഇടത്, ആറ് യു.ഡി.എഫ്., ഒരു സ്വതന്ത്ര എന്നിങ്ങനെയായിരുന്നു കക്ഷി നില. 

രണ്ടാം വാര്‍ഡില്‍നിന്ന് സ്വതന്ത്രയായി വിജയിച്ച എം.എം. റജീന ഇടതിനൊപ്പം നില്‍ക്കുകയും ഇടതു പിന്തുണയോടെ സിന്ധുവിനെ പ്രസിഡന്റാക്കുകയുമായിരുന്നു. രണ്ട് വര്‍ഷം സിന്ധുവിനും രണ്ട് വര്‍ഷം റജീനക്കും ഒരു വര്‍ഷം 13-ാം വാര്‍ഡില്‍നിന്ന് വിജയിച്ച സി.പി.എമ്മിന്റെ കെ. ദ്രൗപതിയെ അവസാന വര്‍ഷം പ്രസിഡന്‍റാക്കാമെന്ന ധാരണയിലായിരുന്നു ഭരണം.

Leave A Comment