അസ്മയുടെ മരണം: ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ മൊഴി ശേഖരിച്ചു
പറവൂർ: ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥ മൂലമാണ് നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്മ (74) മരിച്ചതെന്ന പരാതി അന്വേഷിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (വിജിലൻസ്) ഡോ. ജോസ് ഡിക്രൂസ് താലൂക്ക് ആശുപത്രിയിലെത്തി. ആരോഗ്യമന്ത്രിക്ക് പരാതി നൽകിയ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എസ്. സന്ദീപ്, ആംബുലൻസ് ഡ്രൈവർ ആന്റണി ഡിസിൽവ, രോഗിയെ ആശുപത്രിയിൽ കൊണ്ടുവന്ന സമയത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ, നഴ്സ്, മറ്റ് ജീവനക്കാർ എന്നിവരിൽനിന്ന് മൊഴി ശേഖരിച്ചു.
അസ്മയുടെ മരണത്തെ തുടർന്നുണ്ടായ സംഭവങ്ങളിൽ ആരോപണവിധേയയായതിനെ തുടർന്ന് പെരുമ്പാവൂരിലേക്കു സ്ഥലം മാറിപ്പോയ സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. മരിച്ച അസ്മയുടെ വീടു സന്ദർശിച്ച് ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ആശുപത്രിയുടെ ആംബുലൻസ് നിരക്കു വാങ്ങുന്നതിന്റെ രസീത് കൃത്യമായി നൽകാത്തതു സംബന്ധിച്ച ന്യൂനതകൾ അന്വേഷണത്തിൽ കണ്ടെത്തിയതായാണു സൂചന.
താലൂക്ക് ആശുപത്രിയിൽ നിന്ന് എറണാകുളം ജനറൽ ആശുപ്രതിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകാൻ വൈകിയതിനാലാണ് അസ്മ മരിച്ചതെന്ന ആക്ഷേപമുയർന്നപ്പോൾ തന്നെ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്കുശേഷം ആംബുലൻസ് ആവശ്യമുള്ളവർ പണം മുൻകൂറായി അടയ്ക്കണമെന്ന നോട്ടീസ് സൂപ്രണ്ട് ആശുപ്രതിയിൽ പതിച്ചതു വിവാദമായി.
ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് നഗരസഭാ ആക്ടിംഗ് ചെയർമാൻ എം ജെ രാജു നോട്ടീസ് കീറിക്കളയുകയും ചെയ്തു. നഗരസഭ കൗൺസിലിനോട് ആലോചിക്കാതെ നോട്ടിസ് ഒട്ടിച്ച സൂപ്രണ്ടിനെതിരെ നടപടിയാവശ്യപ്പെട്ടു കൗൺസിൽ ഐകകണ്ഠ്യേന സർക്കാരിനു കത്തയച്ചിട്ടുണ്ട്. ഇതിൽ സൂപ്രണ്ടിനെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.
Leave A Comment