പ്രാദേശികം

മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച 10 വയസ്സുകാരന് ബസിനടിയിൽപ്പെട്ട് ദാരുണാന്ത്യം

വർക്കല : മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച 10 വയസ്സുകാരന് സ്വകാര്യ ബസിനടിയിൽപ്പെട്ട് ദാരുണാന്ത്യം. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകൻ മുഹമ്മദ് മർഹാനാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മാതാവ് താഹിറയ്ക്ക് ചെറിയ പരിക്കുണ്ട്.

കല്ലമ്പലത്തുനിന്ന്‌ വർക്കല ഭാഗത്തേക്കു പോകുകയായിരുന്നു താഹിറയും മകനും. വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രി ജങ്ഷനിൽനിന്ന്‌ അണ്ടർ പാസേജ് തുടങ്ങുന്ന ഭാഗത്തായിരുന്നു അപകടം. അതേ ദിശയിൽ പിന്നാലെ വന്ന ആറ്റിങ്ങൽ-വർക്കല-പരവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇവർ സഞ്ചരിച്ച സ്കൂട്ടറിനെ വേഗത്തിൽ മറികടക്കുമ്പോഴാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ ബസ് തട്ടുകയും സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന മർഹാൻ ബസിനടിയിലേക്കു വീഴുകയുമായിരുന്നു. താഹിറയും സ്‌കൂട്ടറും റോഡിന്റെ ഇടതുഭാഗത്തേക്കാണ് വീണത്.

മർഹാൻ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചുപോവുകയും തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. കല്ലമ്പലം തലവിള പേരൂർ എം.എം. യു.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു മർഹാൻ.

Leave A Comment