ജപ്തി നടപടികൾ ഉണ്ടായിട്ടില്ല, ദൈനംദിന പ്രവർത്തി മാത്രം; കുഴൂർ സഹകരണ ബാങ്ക് വിശദീകരണം
മാള: ബാങ്ക് ലോണിന്റെ പേരിൽ ആർബിട്രേഷൻ ഹിയറിങ്ങിൽ ഹാജരായി വീട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ വിശദീകരണവുമായി ബാങ്ക്. കുഴൂരിലെ ഓട്ടോറിക്ഷ ഡ്രൈവർ പാറപ്പുറം സ്വദേശി മാരിക്കൽ ബിജു (42) വാണ് മരിച്ചത്. കുഴൂർ സർവ്വീസ് സഹകരണ ബാങ്കിൽ ബിജുവിന് മൂന്ന് ലക്ഷം രൂപയോടടുത്ത് വായ്പാ കുടിശികയുണ്ടായിരുന്നു. ഹിയറിങ്ങ് നോട്ടീസ് കിട്ടിയതിന് പിന്നാലെ ബാങ്കിൽ പോയി സംസാരിച്ചിരുന്നു. ഇതിന് ശേഷം വീട്ടിൽ തിരിച്ചെത്തിയാണ് ബിജു ആത്മഹത്യ ചെയ്തത്.ബിജുവിന്റെ പേരില്‍ ജപ്തി നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്ന് ബാങ്ക് പ്രസിഡണ്ട് കെ വി വസന്തകുമാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ബാങ്ക് അറിയിച്ചതിന്റെ ഭാഗമായി ബാങ്കിൽ വന്ന മൂന്നുമാസത്തിനകം തുക അടച്ചു തീർക്കാം എന്ന് സമ്മതിച്ചു പോയ ഒരാളാണ് ബിജു. എന്നാല്‍ ചില തല്‍പ്പരകക്ഷികള്‍ ബാങ്കിനെതിരെ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പ്രസ്താവന
സ്വാഭാവികമായ ചില നടപടിക്രമങ്ങൾ മാത്രമാണ് മാരിക്കൽ രവീന്ദ്രൻ മകൻ ബിജുവിന്റെ പേരിൽ കുടിശ്ശികയായി നിൽക്കുന്ന
മൂന്നുലക്ഷം രൂപ തിരിച്ചുപിടിക്കുന്നതിനായി ചെയ്തിട്ടുള്ളത്
26 /09 /'23 ന് ബാങ്ക് അറിയിച്ചതിന്റെ ഭാഗമായി ബാങ്കിൽ വന്ന മൂന്നുമാസത്തിനകം തുക അടച്ചു തീർക്കാം എന്ന് സമ്മതിച്ചു പോയ ഒരാളാണ് ബിജു.
ജപ്തി നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
മറിച്ച് നേരിൽകണ്ട് കടമെടുത്ത തുക തിരിച്ചടയ്ക്കണം എന്നു മാത്രമാണ് പറഞ്ഞത്.
ആകെ തിരിച്ചടയ്ക്കേണ്ടത് മൂന്നുലക്ഷം രൂപയാണ്. നല്ല നിലയിൽ നടന്നുപോകുന്ന ഒരു ബാങ്ക് ആണ് കുഴൂർ സർവീസ് സഹകരണ ബാങ്ക്.
ബാങ്ക് തകർക്കാനുള്ള ശ്രമമാണ് തല്പരകക്ഷികൾ നടത്തുന്നത് .
വായ്പ കൊടുത്ത തുക തിരിച്ചുപിടിക്കുന്നതിനുള്ള ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി മാത്രം നടത്തിയ ഒരു പ്രവർത്തി മാത്രമാണ് ഉണ്ടായത്.
എന്ന്,
കെ വി വസന്തകുമാർ, പ്രസിഡണ്ട്,
കുഴൂർ സർവീസ് സഹകരണ ബാങ്ക്
കുഴൂർ.
26/09/2023
Leave A Comment