വിദ്യാര്‍ഥി ജീവനൊടുക്കി; കളമശ്ശേരി പോളിയില്‍ വന്‍പ്രതിഷേധം, അധ്യാപകനെതിരേ ആരോപണം
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ സഹപാഠികളുടെ പ്രതിഷേധം. മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി പ്രജിത്തിന്റെ ആത്മഹത്യയിലാണ് കളമശ്ശേരി പോളിടെക്‌നിക്ക് കോളേജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ അധ്യാപകന്റെ കോലം കത്തിച്ചു. പ്രജിത്തിന്റെ ആത്മഹത്യയ്ക്ക് കാരണം അധ്യാപകന്റെ മാനസികപീഡനമാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.പ്രജിത്തിന് റീ-അഡ്മിഷന്‍ നല്‍കില്ലെന്ന് വകുപ്പ് മേധാവി കഴിഞ്ഞദിവസം രക്ഷിതാക്കളോട് പറഞ്ഞിരുന്നതായും ഇതിനുപിന്നാലെയാണ് പ്രജിത്ത് ജീവനൊടുക്കിയതെന്നുമാണ് സഹപാഠികള്‍ പറയുന്നത്. പ്രജിത്തിനെ അധ്യാപകര്‍ മാനസികസമ്മര്‍ദത്തിലാക്കി. പ്രജിത്തിന്റെ അമ്മ കരഞ്ഞുകൊണ്ടാണ് കോളേജില്‍നിന്ന് പോയതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം, ഹാജര്‍ ഇല്ലാത്ത വിവരം വിദ്യാര്‍ഥിയുടെ രക്ഷിതാക്കളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് കോളേജിന്റെ വിശദീകരണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Leave A Comment