മാള കാവനാട് കെഎസ്ആർടിസി ബസ് നിർത്തിയിട്ട ടോറസ് ലോറിയിൽ ഇടിച്ചു; 10 പേർക്ക് പരിക്ക്
മാള: കാവനാട് നിർത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ പുറകിൽ കെ.എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ഇടിച്ച് 10 പേർക്ക് പരിക്കേറ്റു. മാള കാവനാട് ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. ഇവിടെ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ പുറകിൽ മാളയിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കെ.എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്കും ബസ് യാത്രക്കാരായ 10 പേർക്കും പരിക്കേറ്റു. ഇവരെ മാളയിലെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.മാള പഴയാറ്റിൽ 54 വയസുള്ള പീറ്റർ, പൂപ്പത്തി തറയിൽ 16 വയസുള്ള എഡിസൽ ബെന്നി, കുഴൂർ കടുകപ്പിള്ളി 21 വയസുള്ള അശ്വതി, കുഴൂർ മുല്ലക്കാട്ട് 35 വയസുള്ള ജോമി ജോർജ്ജ് ,കുറുമശ്ശേരി കാവിയത്ത് 65 വയസുള്ള ശശിധരൻ, കുറുമശ്ശേരി തേറമ്പത്ത് 26 വയസുള്ള അഷിദ മനു, കൊശവൻ കുന്ന് കാട്ടൂക്കാരൻ 29 വയസുള്ള അരുൺ, കുഴൂർ രഞ്ജിത്ത്, ജിൻസി ,ഷിബു എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ബസിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. മാള പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കാവനാട് ഭാഗത്ത് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് കൊണ്ട് വന്ന ടോറസ് ലോറിയിലാണ് ബസ് ഇടിച്ചത്. മണ്ണുമായി 3 ടോറസുകളാണ് ഇവിടെ പാർക്ക് ചെയ്തിരുന്നത്.
Leave A Comment