പ്രാദേശികം

മുഖ്യമന്ത്രി വരുമ്പോൾ പാചകം പാടില്ല; വിചിത്ര നിര്‍ദേശവുമായി ആലുവ പോലീസ്

ആലുവ: നവകേരള സദസിനായി മുഖ്യമന്ത്രിയുടെ ആലുവയിലേക്കുള്ള വരവ് തട്ടുകടക്കാര്‍ക്കും മറ്റു കച്ചവടക്കാര്‍ക്കും വയറ്റത്തടിയായി. മുഖ്യമന്ത്രി എത്തുന്നതിന് സമീപമുള്ള ഒരൊറ്റ കടയില്‍ പോലും അന്നേ ദിവസം പാചകം പാടില്ലെന്നാണ് പോലീസ് നല്‍കിയ കര്‍ശന നിര്‍ദേശം. ഇത് ചൂണ്ടിക്കാട്ടി പോലീസ് കടക്കാര്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷണം വില്‍ക്കണമെന്നുണ്ടെങ്കില്‍ മറ്റെവിടെ നിന്നെങ്കിലും പാചകം ചെയ്തശേഷം ഇവിടെ എത്തിച്ച് വില്‍ക്കാനാണ് നിര്‍ദേശം. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്. ഡിസംബര്‍ 7നാണ് ആലുവ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നവകേരള സദസ് എത്തുന്നത്. ഇതിന് അനുബന്ധമായാണ് പോലീസിന്റെ വിചിത്ര നിര്‍ദേശം.

നവകേരള സദസിന് നല്ലൊരു കച്ചവടം പ്രതീക്ഷിച്ചവര്‍ക്ക് തീരുമാനം വലിയ തിരിച്ചടിയായി മാറി. ഇതിനൊപ്പം മറ്റൊരു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അന്നേ ദിവസം കടയിലുള്ള ജീവനക്കാര്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും താല്‍കാലിക തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണം. ഇതില്ലാത്തവരെ ജോലി ചെയ്യാന്‍ അനുവദിക്കില്ല. പരിപാടിയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നതിനാല്‍ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് ആലുവ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു

Leave A Comment