തിലാപ്പിയ മത്സ്യത്തെക്കുറിച്ച് പഠനം നടത്തി വിദ്യാര്‍ഥികള്‍
കോണത്തുകുന്ന്: തിലാപ്പിയ മത്സ്യകൃഷിയെ കുറിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ പഠനം ശ്രദ്ധേയമായി. കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ കെ.എ.അമീന ഫാത്തിമ, എ.ബി.അമന്‍ എന്നിവരാണ് തിലാപ്പിയ മത്സ്യത്തിന്റെ സവിശേഷതകള്‍, ഇനങ്ങള്‍, വളര്‍ത്തു രീതികള്‍, പോഷക മൂല്യം തുടങ്ങിയവയെക്കുറിച്ച് പഠനം നടത്തിയത്.
ലോകത്തിലെ ഏറ്റവും ആക്രമണകാരികളായ നൂറ് അധിനിവേശ ജീവികളില്‍ ഒന്നായ തിലാപ്പിയ ലോകത്തില്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ മത്സ്യമാണ്. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ജീവിക്കുന്ന ഈ മത്സ്യം ജലസസ്യങ്ങള്‍, ജൈവാവശിഷ്ടങ്ങള്‍, മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജലജീവികള്‍ എന്നിവയെയെല്ലാം ഭക്ഷണമാക്കും. ഇവക്ക് അതിജീവനശേഷി നല്‍കുന്ന പ്രധാന ഘടകം ഇതാണെന്ന് പഠനത്തില്‍ പറയുന്നു. തദ്ദേശീയമായ മത്സ്യങ്ങള്‍ക്ക് ഭീഷണി ആയതിനാല്‍ ഇവയെ വളര്‍ത്തുന്നതിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. ബയോ കള്‍ച്ചര്‍, മോണോ സെക്സ് കള്‍ച്ചര്‍ എന്നിവയെല്ലാം നിയന്ത്രണങ്ങളുടെ ഭാഗമാണ്. അവശ്യമായ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുള്ള പോഷക സമ്പുഷ്ടമായ മാംസമാണ് ഈ മത്സ്യത്തിന്, ഉയര്‍ന്ന കയറ്റുമതി സാധ്യതകളുള്ള മത്സ്യം ഗാര്‍ഹിക പരിതസ്ഥിതികളില്‍ കൃഷിക്ക് അനുയോജ്യമെന്ന് പഠനത്തില്‍ കണ്ടെത്തി. 114 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുള്ള ഈ മത്സ്യത്തിന്റെ അധിനിവേശ സ്വഭാവം നമ്മുടെ നാടന്‍ മത്സ്യസമ്പത്തിന് ഭീഷണിയാണ്.
വെള്ളപ്പൊക്കം പോലുള്ള സന്ദര്‍ഭങ്ങളില്‍ കൃഷിക്കാര്‍ വളര്‍ത്തുന്നിടത്തുനിന്ന് ജലാശയങ്ങളില്‍ എത്തി വലിയ തോതില്‍ പെറ്റു പെരുകുന്ന സ്ഥിതിയുണ്ടാകും. ഈ മത്സ്യം 15 ദിവസങ്ങള്‍ കൂടുമ്പോള്‍ 3000 മുതല്‍ 5000 വരെ മുട്ടകള്‍ ഇടുമെന്നും കണ്ടെത്തി. കര്‍ശനമായ ജൈവ സുരക്ഷയുള്ള ഫാമുകളില്‍ മാത്രമേ നിയന്ത്രിത കൃഷി എന്ന രീതിയില്‍ ഇവയെ വളര്‍ത്താനാകൂ. വിവിധ മാര്‍ഗങ്ങളിലൂടെ മത്സ്യത്തിന്റെ പ്രജനനം നിയന്ത്രിക്കല്‍ എന്നിവ ഉറപ്പാക്കി ഗാര്‍ഹികമായി മത്സ്യം കൃഷി ചെയ്യാമെന്നാണ് കുട്ടികളുടെ നിഗമനം.
അധ്യാപികരായ എം.ലീന, സി.എ. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പഠനത്തിനാവശ്യമായ വിവരശേഖരണം നടത്തിയത്. കേരള യൂണിവേഴ്സിറ്റി ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ വകുപ്പിലെ പ്രൊഫസര്‍ ഡോ.ബിജു കുമാര്‍, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ഫിഷറീസ് പ്രൊമോട്ടര്‍ വിദ്യാഷാജി, മത്സ്യകര്‍ഷകര്‍ തുടങ്ങിയവര്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി. ഇവരുടെ പഠനത്തിന് ഉപജില്ലാ തല ശാസ്ത്രോത്സവത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
Leave A Comment