പ്രാദേശികം

പിതാവിൻ്റെ ചരമവാർഷികം ഒഴിവാക്കി; തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി മാള പള്ളിപ്പുറം സ്വദേശി

മാള: പിതാവിൻ്റെ ഒന്നാം ചരമവാർഷിക അനുസ്മരണ ചിലവുകളുടെ തുക വയനാട് ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. മാള പള്ളിപ്പുറം സ്വദേശി വലിയപറമ്പിൽ ഷൈജുവും കുടുംബവുമാണ് തൻ്റെ പിതാവ് പത്രോസിൻ്റെ ഒന്നാം ചരമവാർഷിക അനുസ്മരണത്തോടനുബന്ധിച്ചു ചെലവഴിക്കാൻ മാറ്റി വെച്ച  തുക വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്.

വാർഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയും തുടർന്ന് ബന്ധുമിത്രാതികൾക്ക് ഉച്ചഭക്ഷണവും നൽകാനാണ് തീരുമാനിച്ചത്. എന്നാൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ചെറിയൊരു കൈത്താങ്ങാൻ മതിലകം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആയ ഷൈജുവും അദ്ധ്യാപികയായ നൈസിയും ആലോചിക്കുകയും അമ്മ എൽസിയോട് പറയുകയും ചെയ്തു. അമ്മയുടെ സമ്മതം ലഭിച്ചതോടെ  വാർഷിക ദിനത്തിൽ തനിച്ചു നടത്താൻ തീരുമാനിച്ച ദിവ്യബലിയും മറ്റു ചടങ്ങുകളും അതിരാവിലെ നടക്കുന്ന
ദിവ്യബലിയോടൊപ്പം നടത്തി സ്നേഹവിരുന്നിനായി ചെലവഴിക്കാൻ കരുതിയ 20000 രൂപയുടെ ചെക്ക്  മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറി. 

വാർഡ് മെമ്പർ സിബി ഫ്രാൻസീസ്, മാള പള്ളിപ്പുറം ഇടവക വികാരി ഫാ.ബിനു മുക്കത്തും കുടുംബാംഗങ്ങളും സന്നിധരായിരുന്നു.വയനാട് ദുരന്തത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി  മൂന്ന് ദിവസം  ഷൈജുവും വയനാട്ടിൽ പോയിരുന്നു.

Leave A Comment