പ്രാദേശികം

തൃശ്ശൂർ മലക്കപ്പാറയിൽ കാട്ടാനക്കൂട്ടം എംഎൽഎയുടെ വാഹനം തടഞ്ഞു

തൃശ്ശൂർ: മലക്കപ്പാറയിൽ കാട്ടാനക്കൂട്ടം എംഎൽഎയുടെ വാഹനം തടഞ്ഞു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫും, കെപിസിസി സെക്രട്ടറി എ പ്രസാദം സഞ്ചരിച്ചിരുന്ന വാഹനമാണ് കാട്ടാനക്കൂട്ടം റോഡിൽ തടഞ്ഞിട്ടത്..

ഇന്നലെ രാത്രി എട്ടുമണിയോടെ മലക്കപ്പാറ - വാഴച്ചാൽ റൂട്ടിൽ വച്ചായിരുന്നു സംഭവം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള 'ചിറക് 'വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മലക്കപ്പാറയിലെ തോട്ടം തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ആദ്യം മൂന്ന് കാട്ടാനകൾ അടങ്ങുന്ന സംഘമാണ് എംഎൽഎയുടെ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽ തടഞ്ഞിട്ടത്. പിന്നീട് ഈ ആനക്കൂട്ടം കാട് കയറി. തൊട്ട് പിന്നാലെ എത്തിയ ഒരു കുട്ടിയാന അടങ്ങുന്ന മറ്റൊരു മൂന്നംഗ കാട്ടാന കൂട്ടം വീണ്ടും ഏറെനേരം വാഹനങ്ങൾ തടഞ്ഞിട്ടു . ഇതിനിടെ കാട്ടാനകൾ എംഎൽഎയുടെ വാഹനത്തിന് നേരെ തിരിയാനും ശ്രമം ഉണ്ടായി.

 ഈ സമയത്ത് എതിർശയിൽ നിന്നും മലക്കപ്പാറയിലേക്ക് വന്നിരുന്ന വനം വകുപ്പ് വാഹനത്തിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചം അടുത്തെത്തിയതോടെയാണ് കാട്ടാനക്കൂട്ടം തിരികെ കാടുകയറിയത്.

കാട്ടാനക്കൂട്ടം റോഡിലിറങ്ങിയത് മൂലം ഒരു മണിക്കൂറോളം വഴിയിൽ കുടുങ്ങിയ ശേഷമാണ് എംഎൽഎയുടെ വാഹനം ഉൾപ്പെടെയുള്ള വാഹനങ്ങൾ ചാലക്കുടിയിലേക്ക് യാത്ര തുടർന്നത്.

Leave A Comment