പ്രാദേശികം

ഓണറേറിയം ലഭിച്ചില്ല; സി.ഡി.പി.ഒ ഓഫീസിന് മുന്നില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

വെള്ളാങ്ങല്ലൂര്‍: ഓണറേറിയം ലഭിക്കാത്തതില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ശിശുവികസന വികസന പദ്ധതിക്ക് കീഴിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ പ്രതിഷേധിച്ചു. ചൊവ്വാഴ്ച ഓഫീസില്‍ വെച്ചിരുന്ന പ്രോജക്റ്റ് യോഗത്തിന് എത്തിയവരാണ് പ്രതിഷേധിച്ചത്. 

പോലീസെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രശ്ന പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി.സുബൈദ എത്തി ഇരിങ്ങാലക്കുട പോലീസിന്റെ സാന്നിധ്യത്തില്‍ ജീവനക്കാരും അധികൃതരുമായി ചര്‍ച്ച നടത്തി രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. 

ചര്‍ച്ചയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് അമ്മനത്ത്, ജീവനക്കാര്‍ക്ക് വേണ്ടി എം.എ.ഷൈലജ, പി.എസ്.പ്രസന്ന, സി.ജി.പ്രമീള തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Comment