പ്രാദേശികം

എഞ്ചിൻ തകരാറായി കടലിൽ ഒറ്റപ്പെട്ടുപോയ മത്സ്യത്തൊഴിലാളികള്‍ക്കും രക്ഷകരായി ഫിഷറീസ് റെസ്ക്യുബോട്ട്

കൊടുങ്ങല്ലൂര്‍: എഞ്ചിൻ തകരാറായി കടലിൽ ഒറ്റപ്പെട്ടുപോയ വള്ളവും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യുമ്പോട്ട് രക്ഷപ്പെടുത്തി. അഴീക്കോട് അഴിമുഖത്ത് നിന്ന് ഞായറാഴ്ച്ച കടലിൽ മത്സ്യബന്ധനത്തിന് പോയ അച്ചായൻ എന്ന ഫൈബർ വള്ളമാണ് ശക്തമായ കാറ്റിലും മഴയിലും പെട്ട് എഞ്ചിൻ തകരാറിലായി കടലിൽ ഒറ്റപ്പെട്ടത്.

ഇന്ന് രാവിലെ വള്ളം തിരിച്ചുവരാതിരുന്നതിനെ തുടർന്ന് മത്സ്യതൊഴികളുടെ ബന്ധുക്കൾ അഴീക്കോട് ഫിഷറീസ്  സ്റ്റേഷനിൽ വിവരമറിയിച്ചു. ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ടി.ടി ജയന്തിയുടെ നിർദ്ദേശപ്രകാരം പുറപ്പെട്ട ഫിഷറീസ് റെസ്ക്യൂ സംഘം പത്ത് നോട്ടിക്കൽ മൈൽ അകലെ വെച്ച്  വള്ളവും അതിലെ നാല്  തൊഴിലാളികളെയും കണ്ടെത്തി സുരക്ഷിതമായി  കരയിലെത്തിച്ചു.  

മറൈൻ സി.പി.ഒ ജോബി, സീ റെസ്ക്യു ഗാർഡുമാരായ ഫസൽ, പ്രസാദ് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു. കരയിലുള്ളവരുമായി ബന്ധപ്പെടാനുള്ള സംവിധാനം വള്ളത്തിൽ ഇല്ലാതിരുന്നതാണ് ആശങ്കക്കിടയാക്കിയത്. മതിയായ സുരക്ഷാ സംവിധാനങ്ങളും, വിനിമയ സംവിധാനങ്ങളുമില്ലാതെ കടലിൽ പോകുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave A Comment