പ്രാദേശികം

അന്നമനടയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേ പ്രതിപക്ഷ അംഗങ്ങളുടെ അവിശ്വാസപ്രമേയ നോട്ടീസ്

അന്നമനട: അന്നമനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേ പ്രതിപക്ഷ അംഗങ്ങൾ അവിശ്വാസപ്രമേയ നോട്ടീസ് നൽകി. മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയിട്ടുള്ളത്. ഭരണസ്തംഭനം ഉൾപ്പെടെയുള്ള ആരോപണങ്ങളുന്നയിച്ചാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ എട്ടംഗങ്ങൾ ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്.അന്നമനട പഞ്ചായത്തിലെ പിൻവാതിൽ നിയമനം, പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയിലെ ഫണ്ട് വകമാറ്റൽ, ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ അടക്കമുള്ള ആരോപണങ്ങളാണ് പ്രതിപക്ഷ അംഗങ്ങൾ അവിശ്വാസത്തിനായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

 അവിശ്വാസപ്രമേയ നോട്ടീസ് നല്‍കുന്നതിലൂടെ  ഭരണസമിതിയുമായി പോര് കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. 18 അംഗ ഭരണസമിതിയിൽ സ്വതന്ത്രനായി ജയിച്ച ആളടക്കം കോൺഗ്രസിനും എൽ.ഡി.എഫിനും ഒമ്പത് അംഗങ്ങളായിരുന്നു. ഇതേത്തുടർന്ന് നടുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫിന് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കുന്നത്.

വാര്‍ഡ്‌ മെമ്പറും  കോൺഗ്രസിലെ മണ്ഡലം പ്രസിഡന്റുമായിരുന്ന എം.കെ. കൃഷ്ണകുമാർ കോൺഗ്രസുമായി അകലം പാലിച്ചതോടെ ഭരണപക്ഷത്തിന് പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടാക്കാനായി എന്നതാണ് രാഷ്ട്രീയ നേട്ടം. കൃഷ്ണകുമാര്‍ മാനസികമായി ഇപ്പോള്‍ ഇടതുചേരിക്കൊപ്പമാണ്.  നിലവിലെ സ്ഥിതിയിൽ കോൺഗ്രസുമായി പുർണമായും അകന്നുനിൽക്കുന്ന കൃഷ്ണകുമാറിന്റെ നിലപാട് അവിശ്വാസ തെരഞ്ഞെടുപ്പിലും നിര്‍ണ്ണായകമാകും. അവിശ്വാസം ചർച്ചയ്ക്കെടുക്കുന്ന മുറയ്ക്ക് കോൺഗ്രസ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച വ്യക്തിയെന്ന നിലയിൽ വോട്ടെടുപ്പിന് പാർട്ടി വിപ്പ് നൽകാനിടയുണ്ട്. അങ്ങനെ വന്നാല്‍ മറിച്ചുള്ള കൃഷ്ണകുമാറിന്റെ തീരുമാനം മൂലം കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നുള്ളതുകൊണ്ട് അംഗത്വം നഷ്ടപ്പെടാന്‍ വഴിയൊരുക്കും.

കോൺഗ്രസ് അംഗങ്ങളായ കെ.കെ. രവി നമ്പൂതിരി, വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ്, സ്ഥിരംസമിതി അധ്യക്ഷൻ കെ.എ. ഇക്ബാൽ, ഡേവിസ് കുരിയൻ, സി.കെ. ഷിജു, ലളിതാ ദിവാകരൻ, ആനി ആന്റോ, സുനിതാ സജിവൻ എന്നിവരാണ് അവിശ്വാസപ്രമേയ നോട്ടീസിൽ ഒപ്പിട്ടിട്ടുള്ളത്. കോൺഗ്രസിന്റെ എം.കെ. കൃഷ്ണകുമാർ അവിശ്വാസപ്രമേയത്തിൽ ഒപ്പിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Leave A Comment