കോസ്റ്റൽ റെഗുലേഷൻ സോണിൽ മാറ്റം വരുത്തണം; പൊയ്യയില്‍ വാര്‍ഡ്‌മെമ്പര്‍മാരുടെ കുത്തിയിരിപ്പ് സമരം
മാള : കോസ്റ്റൽ റെഗുലേഷൻ സോണിൽ(CRZ) ഉൾപ്പെട്ട പൊയ്യ പഞ്ചായത്തിലെ നാല് വാർഡുകളിൽ സർക്കാർ വകുപ്പുകളിൽ നിന്ന് വ്യക്തിഗത അനുമതികൾ ലഭിക്കാത്തതിൽ ജനം ദുരിതത്തിൽ. ലൈഫ് ഭവന പദ്ധതിയിൽ പോലും ഇക്കൂട്ടർക്ക് പെർമിറ്റ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വാർഡ് മെമ്പർമാർ രംഗത്തെത്തി. പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയാണ് മെമ്പർമാർ ഭൂമി തരം മാറ്റമെന്ന ആവശ്യം ഉന്നയിച്ചത്.
പൊയ്യയിലെ 15, 14, 13, 2,1 എന്നീ വാർഡുകളാണ് കോസ്റ്റൽ റെഗുലേഷൻ സോൺ അഥവാ സി ആർ ഈസഡ് മേഖലയിൽ ഉൾപ്പെടുന്നത്. ഈ പ്രദേശങ്ങൾ തീരമേഖലയാണെങ്കിലും പ്രളയം അതിഭീകരമായി ആഞ്ഞടിച്ച 2018ലും 2019ലും ഇവിടെ വെള്ളം കയറാത്ത ഉയർന്ന പ്രദേശങ്ങളാണെന്ന് വാർഡ് മെമ്പർമാർ പറയുന്നു. സി ആർ ഇസഡ് മൂന്നിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ വാർഡുകളിൽ ഇന്ന് ഈ കാരണങ്ങൾ തന്നെ ജനങ്ങൾ വലയുകയാണെന്നാണ് വാർഡ് മെമ്പർമാരുടെ പരാതി.
ലൈഫ് ഭവന പദ്ധതിയിൽ ഗുണഭോക്താക്കൾ ആയിരുന്നു മാറിയ 25ഓളം പേർക്ക് വീട് വെക്കാനുള്ള പെർമിറ്റ് നിഷേധിക്കപ്പെട്ടതാണ് ഉദാഹരണമായി വാർഡ് മെമ്പർമാർ ചൂണ്ടിക്കാട്ടുന്നത്. ബാങ്കുകൾ പോലും ഭൂമിയുടെ ഈ പ്രത്യാഘാത കാരണങ്ങൾ പറഞ്ഞ് ലോൺ നിഷേധിക്കുകയാണെന്നും പട്ടികജാതി വിഭാഗങ്ങളിലെ കുട്ടികൾക്ക് ലഭിച്ച പഠനമുറി നിർമ്മിക്കാൻ പോലും ഇക്കാരണങ്ങളാൽ സാധിക്കുന്നില്ലെന്നും മെമ്പർമാർ ചൂണ്ടിക്കാട്ടുന്നു.
2011ൽ സർക്കാർ പുറത്തിറക്കിയ കോസ്റ്റൽ റെഗുലേഷൻ വ്യവസ്ഥയിൽ പുഴയുടെ വീതിയിൽ നിന്ന് 100 മീറ്റർ എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ അളവ് എടുത്തത് തെറ്റായ രീതിയിൽ ആണെന്നും സ്‌ളൂയിസ് ബണ്ട് പരിധിയിൽ നിന്ന് അളവെടുത്ത് പരിധിയെ മറികടക്കണമെന്നും മെമ്പർമാർ ആവശ്യപ്പെട്ടു. സിബി ഫ്രാൻസിസ്, എ എസ് വിജീഷ്, പ്രിയ, രമ ബാബു എന്നീ വാർഡ് മെമ്പർമാരാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. പൊയ്യയെ സി ആർ ഇസഡ് മൂന്നിൽ നിന്നും സി ആർ ഇസഡ് രണ്ടിലേക്ക് മാറ്റി ഭൂമി ചട്ടം ഭേദഗതി ചെയ്‌താൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് മെമ്പർമാർ കൂട്ടിച്ചേർത്തു.
Leave A Comment