വീഥികൾ അമ്പാടിയായി; ശോഭായാത്രയില്‍ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നു
മാള: മേഖലയിൽ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ശോഭായാത്രകൾ നടന്നു. അഷ്ടമിച്ചിറ, വടമ, വലിയപറമ്പ്, അന്നമനട, പുത്തൻചിറ, പൂപ്പത്തി എന്നിവിടങ്ങളിൽ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു നടന്ന ശോഭായാത്രയിൽ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നു. ആടിയും പാടിയും ഗ്രാമീണ വീഥികളെ വൃന്ദാവനമാക്കി കൃഷ്ണ ചരിതം ചിത്രീകരിച്ചപ്പോൾ ഭക്തരും കാഴ്ചകൾ കണ്ടു പിന്തുണ നൽകി. വില്വമംഗലം സ്വാമിയാര്‍ പ്രതിഷ്ടിച്ച പുത്തന്‍ചിറ പാറമേല്‍ തൃക്കോവില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി മഹോത്സവം ആഘോഷിച്ചു. രാവിലെ കലവറ നിറക്കല്‍, ഗണപതി ഹോമം, കലശാഭിഷേകം, ഉറിയടി, പിറന്നാള്‍ സദ്യ എന്നിവ നടന്നു. വൈകീട്ട് നടന്ന ശോഭാ യാത്ര വര്‍ണ്ണാഭമായി.,തുടര്‍ന്ന് ദീപാരാധന,വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായി. ചാലക്കുടിയിലെ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടത്തി.കൂടപ്പുഴ ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു.കണ്ണനെ ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് റോഡരികില്‍ തടിച്ചുകൂടിയത്. രാധാകൃഷ്ണന്‍മാര്‍ നഗരം കീഴടക്കി. കൊടുങ്ങല്ലൂർ പറമ്പിക്കുളങ്ങര ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്ഷേത്രത്തിൽ നടന്ന ഗോകുല നൃത്ത മത്സരം രക്ഷാധികാരി ഒ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു.ജില്ല സേവാപ്രമുഖ് ടി .ജെ ജെമി അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ സി .എച്ച് ജയകൃഷ്ണൻ സന്തോഷ് ശാന്തി, ദേവസ്വം മാനേജർ രാമനേഴത്ത് അശോകൻ നഗരസഭ കൗൺസിലർ ജ്യോതി ലക്ഷ്മി രവി, ലക്ഷ്മി നാരായണൻ എന്നിവർ സംസാരിച്ചു. വൈകീട്ട് ശോഭ യാത്രക്ക് ശേഷം ഉറിയടി മെഗാഗോപിക നൃത്തം സാംസ്കാരിക സമ്മേളനം എന്നിവ നടന്നു. കൊടുങ്ങല്ലൂർ തൃക്കുല ശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിപുല പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
രാവിലെ ക്ഷേത്ര നട തുറന്നതോടെ നിരവധി ഭക്തരാണ് ദർശനത്തിനായി എത്തിയത്.തുടർന്ന് വിവിധ പൂജകളും കലാപരിപാടികളും നടന്നു.രാവിലെ മുതൽ പാൽ പായസ വിതരണവും ഉച്ചക്ക് ആയിരത്തോളം പേർക്ക് സദ്യയുമുണ്ടായിരുന്നു. വൈകിട്ട് ഉറിയടി ഉണ്ണിക്കണ്ണൻമാരുടെ ശോഭയാത്രക്ക് സ്വീകരണം ദീപാരാധന എന്നിവ നടന്നു.
Leave A Comment