കുട്ടികൾക്ക് ടോയ്‌ലെറ്റും സ്റ്റോർറൂമും നിഷേധിച്ചു ; മാടായിക്കോണം സ്കൂൾ അധികൃതർക്കെതിരെ പരാതി
ഇരിങ്ങാലക്കുട: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും നാഷ്ണൽ സർവീസ് സ്കീമും യോജിച്ച് ഹയർസെക്കന്ററി തലത്തിലുള്ള ക്യാമ്പിനെത്തിയ കുട്ടികൾക്ക് ടോയ്ലെറ്റും ഭക്ഷണം പാകം ചെയ്യാനുള്ള സ്റ്റോർ റൂമും പൂട്ടിയിട്ട് ഇരിങ്ങാലക്കുടയിലെ സർക്കാർ യു.പി സ്കൂൾ അധികൃതർ.
സപ്തദിന ക്യാമ്പ് സംസ്ഥാന തലത്തിൽ ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുടയിലെ മാടായിക്കോണം ചാത്തന്മാസ്റ്റർ സ്കൂളിലാണ് കുട്ടികളോട് ഈ അനീതിയും നടന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദുവായിരുന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
അതിഥികളെല്ലാം പിരിഞ്ഞ് ക്യാമ്പ് തുടങ്ങിയതിന് പിന്നാലെ പ്രധാന അദ്ധ്യാപികയുടേയും പി.ടി.എ പ്രസിഡണ്ടിൻ്റേയും നിർദ്ദേശ പ്രകാരം സ്കൂളിന്റെ പ്രധാന ബിൽഡിങ്ങിനോട് ചേർന്നുള്ള ടോയ്ലറ്റുകൾ അടച്ചിട്ടു. ഇതോടൊപ്പം ഭക്ഷണം പാകം ചെയ്യാനുള്ള സ്റ്റോർ റൂമിനും താഴിട്ടു.
അടച്ചിട്ട ടോയ്ലറ്റുകൾക്ക് പകരം സ്കൂളിന് പുറകിലായുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്ന ടോയ്ലെറ്റുകൾ വേണമെങ്കിൽ ഉപയോഗിച്ചോളു എന്നായി സ്കൂൾ അധികൃതർ. അവയാകട്ടെ അരമതിൽ മാത്രമുള്ളവയും. ബാക്കി ടോയ്ലറ്റുകൾ കണ്ടാലറക്കുന്നതും.
വിഷയത്തിൽ പ്രധാന അദ്ധ്യാപികയായ മിനിയോട് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ഗേൾസ് സ്കൂൾ അദ്ധ്യാപികയുമായ ഇന്ദുകല പരാതി പറഞ്ഞപ്പോൾ ഇങ്ങനെയെ സാധിക്കുകയുള്ളു എന്നും പറഞ്ഞു.
കൂടുതൽ സംസാരിക്കാൻ തയ്യാറാകാത്ത എച്ച്.എം താൻ രണ്ട് മാസം ലീവിലാണെന്നായി പിന്നീട്. ഒടുക്കം ഫോൺ സ്വിച്ച് ഓഫ് ചെയ്തതതായും ടീച്ചർ പരാതിപ്പെട്ടു.
ഇടത് അദ്ധ്യാപിക സംഘടനയായ കെ.എസ്.ടി.എ യുടെ ജില്ലാ നേതാവ്കൂടിയാണ് പ്രധാന അദ്ധ്യാപിക മിനി. ലീവിലാണെന്ന് പറയുമ്പോഴും ശമ്പള ദിവസം രജിസ്റ്ററിൽ ഒപ്പു വച്ചതായി മറ്റുള്ളവർ പറയുന്നു.
ഇരിങ്ങാലക്കുടയിലെ തന്നെ മറ്റൊരു ഹയർസെക്കന്ററി സ്കൂളിലെ അൻപതോളം വിദ്യാർഥിനികൾ തങ്ങളുടെ സ്കൂളിലെത്തുമ്പോഴാണ് എല്ലാ സൗകര്യങ്ങളും അടച്ചിട്ട ശേഷം അദ്ധ്യാപകരും, പി.ടി.എ പ്രസിഡണ്ടും അറ്റൻററും വീട്ടിൽ പോയി സുഖമായിരിക്കുന്നത്.
Leave A Comment