പ്രാദേശികം

മഞ്ഞളിൽ നീരാടി തിരുവൈരാണിക്കുളം

കാലടി : തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ നടതുറപ്പ്‌ ഉത്സവത്തിന് ഉപയോഗിക്കുന്ന പൂജാ സാമഗ്രികളിൽ മഞ്ഞളിനുള്ള പ്രാധാന്യം വലുതാണ്. നടതുറപ്പ്‌ ഉത്സവത്തിന്റെ ഓരോ ദിനവും കടന്നുപോകുന്നത് മഞ്ഞളിൽ നീരാടിയാണ്. മഞ്ഞളിന്റെ ഗന്ധം ക്ഷേത്രത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞുനിൽക്കുന്നു. പാർവതീദേവിക്കുള്ള പ്രധാന വഴിപാടുകൾ മഞ്ഞൾകൊണ്ടുള്ളതും ദേവിയുടെ പ്രസാദമായി ഭക്തർക്കു നൽകുന്നത് മഞ്ഞൾപ്പൊടിയുമാണ്.

നവവധു സങ്കൽപ്പത്തിലാണ് ക്ഷേത്രത്തിലെ ദേവീപ്രതിഷ്ഠ. ദേവിയുടേത് ദാരുശിൽപ്പമായതിനാൽ ജലാഭിഷകം ഇല്ല, മഞ്ഞൾപ്പൊടി അഭിഷേകമാണ്. ഇതാണ് ഭക്തർക്ക് പ്രസാദമായി നൽകുന്നത്. വഴിപാടായി അർപ്പിക്കുന്നത് മഞ്ഞൾപ്പറയാണ്. ദേവിയുടെ നടയ്ക്കു സമീപമായി പറനിറയ്ക്കാൻ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന മഞ്ഞളാണ് അഭിഷേകത്തിനായി ഉപയോഗിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നടതുറപ്പ്‌ ഉത്സവത്തിന്റെ ആദ്യ ദിനങ്ങളിൽത്തന്നെ വലിയ തിരക്കുണ്ടായി.

Leave A Comment