പ്രാദേശികം

നാളെ മഹാശിവരാത്രി: ജനലക്ഷങ്ങളെ കാത്ത് ആലുവ മണപ്പുറം

ആലുവ : കോവിഡ് തീർത്ത രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ആലുവ ശിവരാത്രി മണപ്പുറം ജനലക്ഷങ്ങളെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. ശനിയാഴ്ചയാണ് ശിവരാത്രി. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കോവിഡിനെ തുടർന്ന് നിയന്ത്രണങ്ങളോടയായിരുന്നു ബലിതർപ്പണം നടത്തിയിരുന്നത്. മണപ്പുറത്ത് ശിവരാത്രി നാളിൽ രാത്രി തങ്ങാൻ ആരെയും അനുവദിച്ചിരുന്നില്ല. ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ പതിവിലും കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച പുലർച്ചെ പന്ത്രണ്ട് മണി മുതൽ ഔദ്യോഗികമായി ബലിതർപ്പണം ആരംഭിക്കും. ഞായറാഴ്ച വൈകീട്ട് മൂന്നുമണി മുതൽ അമാവാസി ആരംഭിക്കുന്നതിനാൽ ബലിതർപ്പണം തുടരും. അമാവാസി അവസാനിക്കുന്ന തിങ്കളാഴ്ച രാവിലെ 11 മണി വരെ ബലിതർപ്പണം നടത്താം.

ദേവസ്വം ബോർഡും ആലുവ നഗരസഭയും വിവിധ സർക്കാർ വകുപ്പുകളും ഒരുക്കങ്ങൾ പൂർത്തിയാക്കി. 116 ബലിത്തറകളാണ് ദേവസ്വം ബോർഡ് പെരിയാറിന്റെ തീരത്ത് ലേലം ചെയ്ത് നൽകിയത്. 75 രൂപയാണ് ബലിതർപ്പണത്തിനുള്ള നിരക്ക്. ശിവരാത്രി നാളിൽ മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരി നേതൃത്വം നൽകും. ശിവരാത്രി നാളിൽ മണപ്പുറത്തെത്തുന്നവർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. ശിവരാത്രി നാളിൽ മണപ്പുറത്തെത്തുന്ന ഭക്തർക്ക് ദേവസ്വം ബോർഡ് സൗജന്യ അന്നദാനം ഒരുക്കും. മൂന്ന് നേരവും ഭക്ഷണം ഉണ്ടാകും. 13 ഇടങ്ങളിൽ കൂറ്റൻ ജലസംഭരണി സ്ഥാപിച്ച് കുടിവെള്ള വിതരണം നടത്തും. സൗജന്യ ചുക്കുകാപ്പി വിതരണവും ഉണ്ടാകും. 210 പ്രത്യേക സർവീസുകൾ മണപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സി. നടത്തും. സ്വകാര്യ ബസുകൾക്ക് സ്‌പെഷ്യൽ പെർമിറ്റ് നൽകും. ആലുവയിലേക്ക് പ്രത്യേക തീവണ്ടിയുണ്ട്. കൊച്ചി മെട്രോ അധിക സമയം സർവീസ് നടത്തും.

പുഴയ്ക്ക് അക്കരെ ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതർപ്പണം നടക്കും. ഒരേ സമയം 2000 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറി ധർമ ചൈതന്യ പറഞ്ഞു. വാഹന പാർക്കിങ്ങിനുള്ള സൗകര്യമുണ്ട്.

Leave A Comment