ഇടതുകര കനാലിൽ വെള്ളമില്ല ; പരാതിയുമായി കോൺഗ്രസ് നേതാക്കൾ ഇറിഗേഷൻ ഓഫീസിൽ
പാറക്കടവ് : ചാലക്കുടി ഇടതുകര കനാലിൽനിന്നുള്ള വെള്ളം എത്താത്തതിനാൽ പാറക്കടവ് പഞ്ചായത്തിലെ വടക്ക് കിഴക്ക് പ്രദേശങ്ങളായ മാമ്പ്ര, പുളിയനം, പീച്ചാനിക്കാട്, എളവൂർ, കോടുശ്ശേരി എന്നിവിടങ്ങളിൽ കാർഷികവിളകൾ കരിഞ്ഞുണങ്ങുന്നു. കിണറുകൾവറ്റി പ്രദേശത്ത് ജലക്ഷാമം രൂക്ഷമായി.
മുൻവർഷങ്ങളിൽ നവംബർ, ഡിസംബർ മാസം മുതൽ കനാൽ വെള്ളം തുറന്നുവിടാറുണ്ട്. ഇത്തവണ ഇതുവരെ അധികൃതർ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഐ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എം.പി. നാരായണന്‍റെ നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലെത്തി ചർച്ച നടത്തി. ഷോളയാർ പെരിങ്ങൽകുത്ത് ഡാമിലെ ജലം, വൈദ്യുതി എന്നിവ ഉത്പാദിപ്പിക്കുന്ന ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ വേണ്ടിയാണ് വേനൽക്കാലത്ത് ഉപയോഗിക്കുന്നത്. ഈ വെള്ളമാണ് കനാൽവെള്ളമായി എത്തുന്നത്.
ഇവിടത്തെ ജനറേറ്ററുകൾ പലതും പ്രവർത്തനരഹിതമായതിനാൽ ഡാമിൽ നിന്ന് വെള്ളം തുറന്നു വിടുന്നില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സാധാരണ നിലയിൽ 130 സെമി വെള്ളം തുറന്നു വിട്ടാൽ മാത്രമേ പാറക്കടവിലേക്ക് കനാൽ വെള്ളം എത്തുകയുള്ളൂ.
എന്നാൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജനറേറ്ററുകൾ പലതും കേടായതിനാൽ 60 സെന്റീമീറ്റർ വെള്ളമാണ് തുറന്നുവിടുന്നത് അതിനാൽ പാറക്കടവിലേക്ക് വെള്ളം എത്തുന്നില്ല. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഉദ്യോഗസ്ഥരോട് നേതാക്കൾ ആവശ്യപ്പെട്ടു. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ പ്രദേശത്തെ കർഷകരെ സംഘടിപ്പിച്ച സമരം നടത്തുമെന്ന് നേതാക്കളായ സുനിൽ ജെ അറക്കൽ എംപി റീജുമോൻ പി ഒ ജേക്കബ് എം വി ബൈജു പി ഓ ജോസ് വി കെ ബാലകൃഷ്ണൻ എന്നിവർ പറഞ്ഞു.
Leave A Comment