പ്രാദേശികം

മാള കെ കരുണാകരൻ സ്റ്റേഡിയം: അട്ടിമറിച്ചത് എം എൽ എ സുനിൽകുമാർ ; എ എ അഷ്‌റഫ്‌

മാള: മാളയിൽ കെ കരുണാകരൻ സ്മാരക സ്റ്റേഡിയം തകർത്തത് വി ആർ സുനിൽകുമാർ എം എൽ എ ആണെന്ന് ഡി സി സി സെക്രട്ടറി എ എ അഷറഫ്. ഫേസ് ബുക്ക്‌ പോസ്റ്റിലൂടെയാണ് അഷ്‌റഫ്‌ സുനിൽകുമാറിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

എ കെ ചന്ദ്രൻ എം എൽ എ ആയിരുന്ന കാലത്ത് ഉറപ്പ് നൽകിയ പദ്ധതിയാണ് അതേ പാർട്ടിക്കാരനായ സുനിൽകുമാർ അട്ടിമറിച്ചത് എന്ന് അഷ്‌റഫ്‌ ആരോപിക്കുന്നു. മാളക്കാരുടെ അഭിമാനം ആയിരുന്നു കെ കരുണാകരനെന്നും അദ്ദേഹത്തിന്റെ പേരിലുള്ള  സ്മാരകമായ സ്റ്റേഡിയം നിർമ്മാണം നടത്താൻ കഴിയാത്തതിന് പിന്നിൽ ഇടതുപക്ഷത്തിന്റെ കഴിവുകേടാണെന്നും എ എ അഷ്‌റഫ്‌ ഫേസ്ബുക്കിൽ കുറിക്കുന്നു.



എ എ അഷ്‌റഫിന്റെ ഫേസ് ബുക്ക്‌ കുറിപ്പിന്റെ പൂർണ്ണരൂപം

 ശ്രീ കെ കരുണാകരൻ  മഹാനായ ആ വ്യക്തി ജന്മം കൊണ്ട് മാളക്കാരൻ അല്ലെങ്കിലും മാളയിലെ ഓരോ മനുഷ്യരുടെ ആത്മാവിൽ അദ്ദേഹത്തോടുള്ള ബഹുമാനവും സ്നേഹവും അദ്ദേഹം ജീവിച്ചിരിക്കുമ്പോഴും പിന്നീട് മരണശേഷവും  കാത്തു സൂക്ഷിക്കുന്നവരാണ് നമ്മൾ മാളക്കാർ.  രാഷ്ട്രീയത്തിനധീതമായി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ ബഹുമാനവും സ്നേഹവും കിട്ടിയ അദ്ദേഹത്തെ പോലെ മറ്റൊരാളുണ്ടാകില്ല. 

ഒരിക്കലും മാളക്കാർക്ക് മറക്കാൻ കഴിയാത്ത വിധം അദ്ദേഹം മാളക്കാരുടെ മനസ്സുമായി ഇഴുകി ചേർന്നു. രാഷ്ട്രീയ എതിരാളികൾക്കുപോലും അദ്ദേഹത്തോട് ശത്രുത ഇല്ല .അദ്ദേഹത്തിനു ശേഷം മാളയെ പ്രതിനിധീകരിച്ച എം എൽ എ മാരായ ശ്രീ.വി.കെ.രാജൻ, ശ്രീ. യു.എസ്. ശശി, ശ്രീ.ടി.യു.രാധാകൃഷ്ണൻ ,  ശ്രീ.എ.കെ.ചന്ദ്രൻ, ശ്രീ.ടി.എൻ. പ്രതാപൻ എന്നിവരുടെ പ്രവർത്തനം കൊണ്ടും, വാക്കുകളെ കൊണ്ടും, ലീഡറോടുള്ള ബഹുമാനം നിലനിർത്തിയവരാണ്.

 കെ.കരുണാകരന് മാളയിൽ ഒരു സ്മാരകം വേണമെന്ന ആവശ്യത്തിന് അംഗീകാരം തരുന്നത്, ഇടതു സർക്കാരാണ്. മാളയുടെ എം എൽ എ യും ഇടതുകാരനുമായ ശ്രീ.എ.കെ.ചന്ദ്രൻ സ്മാരകം സ്റ്റേഡിയമാകട്ടെയെന്ന് ശുപാർശ സർക്കാരിൽ സമർപ്പിച്ചതനുസരിച്ച്,  വി.എസ്.അച്ചുതാനന്ദൻ സർക്കാരിന്റെ ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തി.

 സർക്കാർ ഭരണാനുമതിയും സാങ്കേതികാനുമതിയും കിട്ടിയതിനെ തുടർന്ന് പദ്ധതിയുടെ നടത്തിപ്പിനു മുമ്പായി എം.എൽ.എ. ശ്രീ.എ.കെ.ചന്ദ്രൻ മാളവ്യാപാരി ഭവനിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തു. CPM, CPI, ഉൽപ്പടെയുള്ള ഇടതുപക്ഷ കക്ഷികളും, കോൺഗ്രസ് ഉൽപ്പെടെയുള്ള വലതു പക്ഷ കക്ഷികൾക്കും പുറമെ, BJP, വിവിധ കായിക-സാംസ്കാരിക സംഘടനകൾ വ്യാപാരി-വ്യവസായി സംഘടനകൾ എല്ലാം ചേർന്ന് നിലവിലുളള പഞ്ചായത്ത് സ്റ്റേഡിയം കെ.കരുണാകരൻ സ്റ്റേഡിയമാക്കി വിപുലികരിക്കുവാൻ തിരുമാനമെടുക്കുകയും, തുടർ നടപടികൾക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു. ഈ സമയം നടന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസുകാരനായ ടി.എൻ. പ്രതാപൻ എം എൽ എ ആകുകയും സർക്കാർ യു ഡി എഫാകുകയും ചെയ്തു.

 ശ്രീ.ടി.എൻ. പ്രതാപന്റെ ശ്രമഫലമായി കെ.കരുണാകരൻ സ്റ്റേഡിയം എന്നത് വിപുലികരിച്ച് കെ.കരുണാകരൻ സ്പോർട്ട്സ് അക്കാദമിയാക്കാനും, സിന്തറ്റിക് ട്രാക്ക്, ടർഫ് വിരിച്ച ഫുട്ബാൾ സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്ബ്, എന്നിവയ്ക്കു പുറമെ, വോളി ബോൾ, ബാസ്ക്കറ്റ് ബാൾ, ടെന്നീസ് - ബാറ്റ്മിന്റൽ കോർട്ട് ഉൽപ്പടെയുളള ഇൻഡോർ സ്റ്റേഡിയം സ്ത്രീ-പുരുഷ കായിക താരങ്ങൾക്കുള്ള ഡ്രസ്സിംഗ് റൂം അടങ്ങുന്ന വിശ്രമ കേന്ദ്രങ്ങൾ എന്നിവ അടങ്ങിയ പ്രസ്തുത അക്കാദമിയ്ക്ക് എട്ടു കോടി അനുവദിക്കുകയും ചെയ്യുന്നു. പദ്ധതിയുടെ നിർമ്മാണം 90% തീർന്നു. ബാക്കി വരുന്ന പണികൾക്കു വേണ്ടി വിരിക്കാനുളള സിന്തറ്റിക്കും, 54 ലക്ഷം വിലവരുന്ന കൃത്യമ പുൽ ടർഫ് റോളുകൾ വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് സൂക്ഷിക്കുകയും ചെയ്തു. ഇതിനിടയിൽ നടന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ യുഡിഎഫ് മാറി എൽ ഡി എഫായി. ശേഷം വന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ടി.എൻ. പ്രതാപൻ മാറി വി.ആർ. സുനിൽ കുമാറായി. ശ്രീ.ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് സർക്കാർ മാറി, പിണറായി വിജയന്റെ എൽഡിഎഫ് സർക്കാർ വന്നു.

 രാഷ്ടീയ മാറ്റങ്ങൾ കെ.കരുണാകരന്റെ സ്മാരകത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്ന സദാചാര ചിന്തകളായിരുന്നു മാളക്കാർക്ക്. മുപ്പത് വെള്ളി കാശിനു വേണ്ടി യേശുവിനെ ഒറ്റി കൊടുത്ത യൂദാസുകളും, കള്ള കൂട്ടങ്ങളടങ്ങിയ ഇടതുപക്ഷ ഗ്രാമപഞ്ചായത്തംഗങ്ങ ളും, ചേർന്നുണ്ടാക്കിയ രഹസ്യ ധാരണകളുടെ അടിസ്ഥാനത്തിൽ കോടതിയിലിരിക്കുന്ന കേസുകളുടെ വാദിയായ യൂദാസും,, പ്രതിയായ പഞ്ചായത്തും, ഒത്തുചേർന്നെഴുതിയ ധാരണയിൽ കേസുകൾ മലക്കംമറിഞ്ഞു. പണികൾ നിലച്ചു. തീർന്ന പണികളെല്ലാം കാടുപിടിച്ചു. കടന്നുപോയ വേനലും, മഴയും, സ്റ്റേഡിയത്തിന്റെ മുഖഛായ തന്നെ മാറ്റി.

എല്ലാം കണ്ടു നിന്നു ചിരിക്കുകയായിരുന്നു, നമ്മുടെ എം എൽഎ. നാടിന്റെ വികസനത്തിന് ഒരു നാഴികകല്ലാകുമായിരുന്ന സ്റ്റേഡിയത്തിന്റെ നാമത്തോട് അദ്ദേഹത്തിനിത്രയും കലിപ്പായിരുന്നു വെന്ന് മാളക്കാർ മനസ്സിലാക്കാൻ വൈകി. സ്റ്റേഡിയം സംബന്ധിച്ച് നിവേദനവുമായി ചെന്ന വ്യാപാരി കളുൽപ്പടെയുള്ളവരുടെ മുമ്പിൽ അദ്ദേഹം "വെള്ളാനകളുടെ നാട് " എന്ന സിനിമയിലെ കുതിരവട്ടം പപ്പുവായി അഭിനയിച്ചു.

 ഇപ്പം ശരിയാക്കാം .... എന്നു പറഞ്ഞു അദ്ദേഹവും സർവ്വകക്ഷി യോഗം വിളിച്ചു. ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ കൂടിയ യോഗത്തിലും, പിന്നീട് മാതൃഭൂമി ദിനപത്രം സംഘടിപ്പിച്ച വികസന സെമിനാറിലും എംഎൽഎ ഉറപ്പു തന്നു. കെ.കരുണാകരൻ സ്റ്റേഡിയം എന്തു വില കൊടുത്തും നിലനിർത്തുമെന്ന അദ്ദേഹത്തിന്റെ വാക്കിനെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും, CPM, CPI, BJP, CON, എന്നി സർവ്വകക്ഷികളും പിന്തുണച്ച് ഒപ്പിട്ടു നൽകി. ഏറ്റവും ഒടുവിൽ കോടതിയിൽ എഴുതി നൽകിയ സത്യവാങ്ങ്മൂലത്തിലും സ്റ്റേഡിയം നിലനിർത്തുമെന്നതന്നെ ഉറപ്പു നൽകി.

 പക്ഷേ എല്ലാം കാറ്റിൽ പറന്നു. പൂർവ്വികർ നേടി തന്ന കോടികൾ വിലവരുന്ന പഞ്ചായത്തിന്റെ നാലേക്കർ ഭൂമി സ്വന്തം തറവാട്ടു സ്വത്തു പോലെ പുരാവസ്തു വകുപ്പിന് തീറെഴുതി കൊടുത്തു. അധികാരം പിതൃസ്വത്താക്കി മാറ്റിയവർക്ക് മേലധികാരികളും പിന്തുണയേകി. ഗുണ്ടകളുടെ കയ്യൂക്കും, പോലീസ് സംരക്ഷണവും ഉപയോഗിച്ച് കെ.കരുണാകരന്റെ പേരെഴുതിയ േബാർഡുകൾ തല്ലി തകർത്തു. ആ പേരിന്റെ അക്ഷരങ്ങൾ കഷണങ്ങളായി ചിതറി തെറിച്ചു. സ്റ്റേഡിയം ഇല്ലാതാക്കാനുള്ള ഗൂഡശ്രമം വിജയകരമാകയി നടപ്പാക്കി. 

ചരിത്രം ആർക്കും മാപ്പു നൽകില്ല. പുതിയ ചരിത്രസ്മാരകങ്ങൾ പണിയാൻ മാള കടവ് തെരയുന്ന യൂദാസുകൾ ഒന്നോർക്കണം. രാഷ്ട്രീയം മാറിമറിയും.അധികാരങ്ങ ളും മാറി വരും.
വാൽകഷണം : ഒരു സ്മാരകം തകർത്തവർ തന്നെ വേറൊരു സ്മാരകം പണിയാൻ ഇറങ്ങി തിരിച്ചിരിക്കുന്നത് ഇത്തിരി കടന്ന കൈ തന്നെ. തകർന്നതും തകർത്തതും ഒരു ചരിത്രമാണ്. ചരിത്രത്തിലെ ചില സംഗതികൾ തീരാത്ത വേദനയായി എന്നും നിലനിൽക്കും. ചില വേദനകൾ പകയായി പുതിയ ചരിത്രം രചിക്കും. അത് കഴിഞ്ഞു പോയ ഒരു ചരിത്ര ത്തിന്റെ ആവർത്തനമായിരിക്കും.ആരാലും ചരിത്രം ആവർത്തിക്കാതിരിക്കാൻ പുതിയ സ്മാരകങ്ങളൊന്നും ഉയരാതിരിക്കട്ടെ മാളയിൽ.

Leave A Comment