വനസൗഹൃദസദസ്സ് സംഘടിപ്പിച്ച് വനം വകുപ്പ് ; പൊതുജന പരാതി സ്വീകരിക്കും
ചാലക്കുടി: വനം - വന്യജീവി വകുപ്പിൻ്റെ നേതൃത്വത്തിൽ വനസൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി തൃക്കൂർ , വരന്തരപ്പിള്ളി , കൊടകര , മറ്റത്തൂർ , പരിയാരം , കോടശ്ശേരി , അതിരപ്പിള്ളി എന്നീ പഞ്ചായത്തുകളിലെ വനാതിർത്തി പങ്കിടുന്ന വാർഡുകളിലെ ജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നു. പരാതികൾ പ്രദേശത്തെ വാർഡ് മെമ്പർമാരടക്കമുള്ള ജനപ്രതിനിധികൾക്ക് വനംവകുപ്പിന്റെ ഏറ്റവും അടുത്തുള്ള ഫോറസ്റ്റ് ഓഫീസുകളിലോ വാഴച്ചാൽ, ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുകളിലോ ഏപ്രിൽ 12 ബുധനാഴ്ചക്കകം എത്തിക്കാവുന്നതാണ്.
സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ വനാതിർത്തികൾ പങ്കിടുന്ന ജനങ്ങളുമായി സംവദിക്കുവാനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കി പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ വിദഗ്ദ്ധരിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും സ്വീകരിക്കുന്നതിനുമാണ് വന സൗഹൃദസദസ്സ് ലക്ഷ്യമിടുന്നത്. വന സൗഹൃദ സദസ്സ് എന്ന പരിപാടി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 20 കേന്ദ്രങ്ങളിൽ സർക്കാർ നടത്തി വരികയാണ്.
അതിൻ്റെ ഭാഗമായി ഏപ്രിൽ 17 ന് രാവിലെ 10.30 മണി മുതൽ അരൂർമുഴിയിലെ അതിരപ്പിള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് ഈ മേഖലയിലെ വന സൗഹൃദസദസ്സ് നടക്കും.
പുതുക്കാട് , ചാലക്കുടി നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാർ , വനാതിർത്തി പങ്കിടുന്ന ജില്ലാ ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡണ്ടുമാർ , വാർഡ് മെമ്പർമാർ , വിവിധ മേഖലകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ വന സൗഹൃദ സദസ്സിൽ പങ്കെടുക്കും.
പ്രശ്ന പരിഹാരത്തിന്
വനം വകുപ്പ് കൈക്കൊണ്ടതും സ്വീകരിച്ച് വരുന്നതുമായ പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥർ ഈ വേദിയിൽ വിശദീകരണം നൽകും. ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ , ബന്ധപ്പെട്ട എം.എൽ.എ മാർ , വനം വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
വനത്തിനുള്ളിലും വനാതിർത്തിയിലും താമസിക്കുന്ന മുഴുവൻ ജനങ്ങളും ഈ പരിപാടിയിൽ പങ്കെടുക്കണമെന്നും പൊതുജനങ്ങളുടെ പ്രശ്നങ്ങൾ വനം വകുപ്പുമായി ചർച്ച ചെയ്യണമെന്നും മാർഗ്ഗ നിർദ്ദേശങ്ങൾ ലഭ്യമാക്കാൻ അവസരമൊരുക്കണമെന്നും വാഴച്ചാൽ ഡി.എഫ്.ഒ :ആർ. ലക്ഷ്മി, വി.എസ്.എസ്. കോർഡിനേറ്റർ കെ.ആർ.രാജീവ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Leave A Comment