കുടിശിക തുക അടച്ചില്ല; ആലുവയിലെ സർക്കാർ വിദ്യാലയങ്ങളിലെ വാട്ടർ കണക്ഷൻ വിച്ഛേദിച്ചു
ആലുവ: ഒരു കോടി നാൽപ്പത് ലക്ഷം രൂപയുടെ കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് ആലുവയിലെ സർക്കാർ വിദ്യാലയങ്ങളുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു.ആലുവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വാട്ടർ മീറ്റർ ആണ് വാട്ടർ അഥോറിറ്റി ജീവനക്കാരെത്തി അഴിച്ചു മാറ്റിയത്. ബോയ്സ് സ്കൂൾ 85 ലക്ഷവും ഗേൾസ് സ്കൂൾ 56 ലക്ഷവുമാണ് കുടിശിക ഇനത്തിൽ വാട്ടർ അഥോറിറ്റിക്ക് നൽകേണ്ടത്.
അവസാനമായി നടന്ന അദാലത്തിൽ ഏതാനും ലക്ഷം രൂപയുടെ ഇളവ് നൽകിയിരുന്നു. ഗഡുക്കളായി തുക അടയ്ക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ച് മാസം 7,91, 397 രൂപ നഗരസഭ അടച്ചു. ഇതിൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ 5,14,300 രുപ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2,77,097 രൂപ എന്നിവ ആദ്യ ഗഡു ആയാണ് മാർച്ചിൽ അടച്ചത്.
ഭീമമായ തുക ആയതിനാൽ നരസഭയ്ക്ക് മുഴുവനായി അടയ്ക്കാനാകില്ലെന്നും സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയുമാണെന്നാണ് അന്ന് നഗരസഭ വാട്ടർ അഥോറിറ്റിയ്ക്ക് നൽകിയ മറുപടി. ഇനി മുതൽ ഏപ്രിൽ മാസത്തെ വാട്ടർ ബിൽ അടയ്ക്കാമെന്നും കത്തിൽ പറഞ്ഞിരുന്നു. എന്നാൽ എപ്രിൽ മാസം അടുത്ത ഗഡുവും അടയ്ക്കാതെ വന്നതോടെയാണ് വാട്ടർ അഥോറിറ്റി മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിച്ചത്.
കഴിഞ്ഞ അഞ്ചു വർഷമായി കുടിവെള്ള ബിൽ അടയ്ക്കുന്നില്ലെന്നാണ് പരാതി. ആലുവ നഗരസഭയാണ് ബിൽ അടയ്ക്കേണ്ടത്. ഇന്നു ചേരുന്ന അടിയന്തര യോഗത്തിൽ വിഷയം ചർച്ച ചെയ്യാനാണ് നഗരസഭയുടെ തീരുമാനം. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പ് കുടിശിക വിഷയത്തിൽ തീരുമാനമുണ്ടാകണമെന്നുമാണ് വാട്ടർ അഥോറിറ്റിയുടെ നിലപാട്.
വേനലവധിയായതിനാൽ വിദ്യാലയത്തിൽ വിദ്യാർഥികൾ ഇല്ലാത്തതിനാൽ അധ്യാപകരെ മാത്രമേ പ്രശ്നം ബാധിക്കൂ. ടാങ്കിൽ വെള്ളം ഉള്ളതിനാൽ രണ്ടു ദിവസം പ്രവർത്തനത്തെ ബാധിക്കില്ല. നാളെ മുതൽ അധ്യാപക പരിശീലനം നടക്കാനിരിക്കെയാണ് കുടിവെള്ളം ഇല്ലാതായിരിക്കുന്നത്.
ജില്ലയിലെ അധ്യാപകരാണ് നാളെ ഇവിടെ എത്തിച്ചേരുന്നത്. ഇന്നലെ തുടങ്ങേണ്ടിയിരുന്ന പരിശീലനം ഔദ്യോഗിക ദുഃഖാചരണം കാരണമാണ് ഇന്നു മുതലാക്കിയത്.
Leave A Comment