പ്രാദേശികം

വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെഎസ് ധനീഷിന് എതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം തള്ളി

കൊറ്റനെല്ലൂർ : വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ധനീഷിനെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം തള്ളി. പതിനെട്ടംഗ ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും എട്ട് വീതം അംഗങ്ങളും ബിജെപി ക്ക് രണ്ടംഗങ്ങളുമാണുള്ളത്. ബിജെപി അംഗങ്ങൾ പാർട്ടി നല്കിയ വിപ്പിന്റെ അടിസ്ഥാനത്തിൽ യോഗത്തിൽ നിന്ന് വിട്ടു നിന്നു. എട്ട് യുഡിഎഫ് അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. പഞ്ചായത്ത് രാജ് ചട്ടപ്രകാരം പ്രമേയം പാസ്സാകാൻ ആവശ്യമായ പത്ത് വോട്ടിന്റെ അഭാവത്തിൽ , പ്രമേയം തളളിയതായി വരണാധികാരിയും  വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായ ദിവ്യ കുഞ്ഞുണ്ണി പ്രഖ്യാപിച്ചു.

രാവിലെ പതിനൊന്നിന് ആരംഭിച്ച യോഗം ഒരു മണിയോടെയാണ് സമാപിച്ചത്. ഇരുമുന്നണികളിൽ നിന്നുമായി  പ്രസിഡണ്ട് അടക്കം 9 പേർ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തു. 18 അംഗ  ഭരണ സമിതി ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിക്കുന്നതെന്നും എന്തിന് വേണ്ടിയാണ് അവിശ്വാസ പ്രമേയമെന്ന് വ്യക്തമായിട്ടില്ലെന്നും ബിജെപി അംഗങ്ങളുടെ പിന്തുണയോടെ ഭരണം അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും  യോഗാനന്തരം പ്രസിഡണ്ട് കെ എസ് ധനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാൽ സിപിഎം - ബിജെപി കൂട്ടുകെട്ട് മറ നീക്കി പുറത്ത് വന്നിരിക്കുകയാണെന്നും മന്ത്രി ആർ ബിന്ദുവിന്റെ നേത്യത്വത്തിൽ ഭരണ തുടർച്ച നിലനിറുത്താൻ ഗൂഡാലോചന നടത്തിയെന്നും മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഷാറ്റോ കുരിയൻ ആരോപിച്ചു. 

രണ്ടാം തവണയാണ് വേളൂക്കരയിൽ പ്രസിഡണ്ടിന് എതിരെയുള്ള അവിശ്വാസ പ്രമേയം പരാജയം നേരിടുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയവും മതിയായ ഭൂരിപക്ഷത്തിന്റെ അഭാവത്തിൽ തള്ളിയിരുന്നു.ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേത്യത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു.

Leave A Comment